ജില്ലയിലെ പ്രധാന അറിയിപ്പുകള്
താൽക്കാലിക നിയമനം
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അക്കൗണ്ടന്റ്, ഫിറ്റ്നസ് ട്രെയിനർ, ജിം കെയർ ടേക്കർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംബിഎ വിത്ത് ഫിനാൻസ്/എംകോം വിത്ത് ഫിനാൻസ് ആൻഡ് അക്കൗണ്ടന്റാണ് അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത. അസാപ് ഫിറ്റ്നസ് ട്രെയിനർ കോഴ്സ്/ ഏതെങ്കിലും കേന്ദ്ര-കേരള സർക്കാർ അംഗീകൃത ഫിറ്റ്നസ് ട്രെയിനർ കോഴ്സാണ് ഫിറ്റ്നസ് ട്രെയിനർ
തസ്തികയിലേക്കുള്ള യോഗ്യത. ജിം കെയർ ടേക്കർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും മലയാളം വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ
സഹിതം ജൂൺ 18 ന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ഉള്ളവർക്ക് മുന്‍ഗണന. ഫോൺ: 04936 270604, 7736919799.
വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംച്ചാൽ, ആറുമൊട്ടകുന്ന്, കണ്ണാടിമുക്ക്, വീട്ടിച്ചോട്, ചെറുക്കാട്ടൂർ, കൃഷ്ണമൂല പ്രദേശങ്ങളില്‍ ഇന്ന് (ജൂണ്‍ 14) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
അധ്യാപക നിയമനം
സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്ടി നാച്ചുറൽ സയൻസ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 18 ന് വൈകിട്ട് മൂന്നിന് സ്കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോൺ: 9400822976.
ജില്ലാതല ഇന്റർ ഏജൻസി ഗ്രൂപ്പ് യോഗം 18 ന്
ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ജില്ലാതല ഇന്റർഏജൻസി ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ജൂൺ 18 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ നടക്കും. പുതിയ അംഗത്വ രജിസ്ട്രേഷൻ, കൺവീനർ തെരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ട. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനകളുടെ ഒരു ഭാരവാഹി വീതം പങ്കെടുക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04936 203450.
കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ പുതുക്കണം
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിൽ കാർഡ് നൽകുന്നതിന് എഐഐഎസ് സോഫ്റ്റ് വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ജൂലൈ 31 നകം അക്ഷയ കേന്ദ്രങ്ങളിൽ സമർപ്പിച്ച് അപ്പ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04936 204602.
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി എസ് സി കമ്പ്യൂട്ടർ സയൻസ്/ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. യോഗ്യത ഉള്ളവരുടെ അഭാവത്തിൽ എംസിഎ/പിജിഡിസിഎ യോഗ്യതയുള്ളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി ജൂൺ 23 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്എസ്എൽസി/ തത്തുല്യം, ദേശീയ നഴ്സിങ് കൗൺസിൽ/ കേരള നഴ്സ് ആൻഡ് മിഡ്വൈഫ് കൗൺസിൽ നൽകുന്നതോ ആയ ഓക്സിലറി നഴ്സ് ആൻഡ് മിഡ്വൈഫറി സർട്ടിഫിക്കറ്റ്/ തത്തുല്യമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബി എസ് സി നഴ്സിങ്/ ജനറൽ നഴ്സിങ് യോഗ്യതയുള്ളവരെ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജൂൺ 23 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ- ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.
ലൈബ്രേറിയൻ നിയമനം
പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ബിരുദം/ തത്തുല്യം, ലൈബ്രേറിയനായുള്ള പ്രവർത്തി പരിചയമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂൺ 23 ന് ഉച്ച 12 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന വാക്ക്- ഇൻ- ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.
ഷോർട്ഫിലിം ആൻഡ് റീൽസ് മത്സരം
വയനാട് സാമൂഹ്യനീതി ഓഫീസും കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് ഷോർട്ട് ഫിലിം & റീൽസ് മത്സരം നടത്തുന്നു. വ്യക്തമായ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന 60 സെക്കെന്റ് ദൈർഘ്യമുള്ള മലയാളം റീൽസും അഞ്ചു മിനുട്ട് ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകളുമാണ് മത്സരത്തിന് പരിഗണിക്കുക. പകർപ്പവകാശമുള്ള വീഡിയോ, ഓഡിയോ, ചിത്രങ്ങൾ തുടങ്ങിയവ അനുവാദമില്ലാതെ ഉപയോഗിക്കാനോ അപകീർത്തികരമായ പരാമർശങ്ങളോ വിവാദ പ്രസ്താവനകളോ ഉണ്ടാവാനോ പാടില്ല.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്കോ, സ്ഥാപനത്തിനോ ഒരു എൻട്രി മാത്രമാണ് സമർപ്പിക്കാൻ കഴിയുക. ജൂൺ 20 ന് രാത്രി 11 നകം [email protected] ലേക്ക് എംപി ഫോർ വീഡിയോകൾ നൽകണം. ഫോൺ: 04936 205307.
ബേസിക് ഇംഗ്ലീഷ് പ്രൊഫിഷൻസി കോഴ്സ്
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷൻസി കോഴ്സ് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എൽസി. 4500 രൂപയാണ് കോഴ്സ് ഫീ. ഫോൺ: 9495999669, 7306159442.
പുറക്കാടി വില്ലേജ് ഓഫീസ് മാറ്റി
പുറക്കാടി വില്ലേജ് ഓഫീസ് കെട്ടിടം സ്മാർട്ട് വില്ലേജ് ഓഫീസായി പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ജൂൺ 16 മുതൽ മീനങ്ങാടി – പനമരം റോഡിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിയതായി പുറക്കാടി വില്ലേജ് ഓഫീസർ അറിയിച്ചു.