യു.ഡി.എഫ്.ഏറ്റവും വലിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോം ആകും; വി.ഡി.സതീശന്‍

0

ഒരു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫ്.സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോം ആകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ യു.ഡി.എഫ്. വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ തുടരുന്ന കര്‍ഷക ദ്രോഹ നടപടികളില്‍ വീര്‍പ്പുമുട്ടുന്ന ജനതക്കൊപ്പം എല്ലാ പോരാട്ടങ്ങളിലും യു.ഡി.എഫ്. ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭക്കകത്ത് മാത്രമല്ല പുറത്തും ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എഫ്. നേതൃത്വം നല്‍കും.ദേശീയ പാത 766 ലെ രാത്രിയാത്ര നിരോധനം, കാര്‍ഷിക പ്രശ്‌നങ്ങള്‍, വന്യ മൃഗശല്യം , വയനാട് മെഡിക്കല്‍ കോളേജ്, എന്നീ വിഷയങ്ങളില്‍ യു.ഡി.എഫ്. വിട്ടു വീഴ്ചയില്ലാത്ത സമരമായിരിക്കും യു.ഡി.എഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനിടെഇന്ധന വിലവര്‍ദ്ധനവില്‍ ജനം ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്ത തരത്തില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ വീണ്ടും ദ്രോഹിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി യു.പി.എ, സര്‍ക്കാരിന് ശേഷം മോദി ഗവണ്‍മെന്റ് 300 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. കേരളം യു.ഡി.എഫ്. ഭരിച്ചപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിയായി ലഭിച്ചിരുന്ന സ്ഥാനത്ത് എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇത് 5000 കോടി രൂപയായി വര്‍ദ്ധിച്ചു.കോര്‍പ്പറേറ്റുകളില്‍ നിന്ന് 12 ലക്ഷം കോടി രൂപ കിട്ടാക്കടമായുള്ളപ്പോള്‍ സര്‍ഫാസിയുടെ പേരില്‍ കര്‍ഷകരെ ജപ്തി ചെയ്യുകയാണന്നും കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ശേഷിയില്ലാത്തവരായി കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ പരിപാടിയില്‍ അധ്യക്ഷനായി. എം.എം. ഹസ്സന്‍ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫിനെ വിവിധ ഘടകകക്ഷികളും സംസ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!