കല്‍പ്പറ്റ: ഒരു ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ വെള്ളം പൊങ്ങുന്ന കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അഭിമാന പദ്ധതിയായി ഉയര്‍ത്തി കാട്ടുന്ന കെ റെയില്‍ പുതിയൊരു ഡാമായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കല്‍പ്പറ്റയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. 30 അടി ഉയരത്തില്‍ 300 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ പലയിടത്തും പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കും. അത് തന്നെ ഒരു കോട്ടയായി മാറും.
ഈ വിഷയത്തില്‍ യു.ഡി.എഫ് ഒരു കമ്മിറ്റിയെ നിയോഗിച്ച് പഠിച്ചിരുന്നുവെന്നും, കെ റെയിലിന് ബദല്‍ നിര്‍ദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കമ്മിറ്റി അറിയിച്ച ഉത്കണ്ഠയാണ് നിയമസഭയില്‍ അറിയിച്ചത്. പാരിസ്ഥിതിക – സാമൂഹ്യ ആഘാത പഠനമോ നടത്തിയിട്ടില്ലെന്നും, സാമ്പത്തിക സ്ഥിതി പരിശോധിച്ചിട്ടില്ലെന്നും, കണക്കിനെ സംബന്ധിച്ച് സുതാര്യതയില്ലന്നും, അശാസ്ത്രീയും അപ്രായോഗികവുമായ നടപടിയാണ് കെ റെയിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കിഫ്ബിയെ സംബന്ധിച്ച് യു.ഡി.എഫ് പറഞ്ഞത് സി ആന്റ് എ.ജി വീണ്ടും ശരി വെച്ചിരിക്കുകയാണെന്നും, 9. 27 ശതമാനം പലിശക്ക് കടമെടുത്ത് കുറഞ്ഞ പലിശക്ക് നിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമ വാര്‍ത്തയോട് സര്‍ക്കാര്‍ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതെങ്ങനെ തെറ്റാകുമെന്നും അദ്ദേഹം ചോദിച്ചു.