സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍

0

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധന കൂടി പൂര്‍ത്തിയായതോടെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. തിരെഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട കണക്ക് പ്രകാരം 3130 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിരസിച്ചു. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്നത് സംബന്ധിച്ച അന്തിമ ചിത്രം രണ്ടു ദിവസത്തിനകം തെളിയും. 23നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഇന്നലെ രാത്രി വൈകിയും പത്രികകളുടെ സൂക്ഷ്മ പരിശോധന തുടര്‍ന്നു. ലഭ്യമായ കണക്കനുസരിച്ച് 3130 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് തള്ളിയത്.

477 പത്രികകള്‍ മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷ നുകളിലായി 121 പത്രികകളും തള്ളിയിട്ടുണ്ട്. അന്തിമ കണക്ക് ഇന്ന് പുറത്ത് വരും. വിമത സ്ഥാനാര്‍ത്ഥികള്‍ മൂന്നു മുന്നണികള്‍ക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്. മുന്നണി സമവാക്യങ്ങളില്‍ പോലും ചിലയിടങ്ങളില്‍ വിള്ളല്‍ വീണതോടെ മത്സരരംഗത്തെത്തിയ സ്ഥാനാര്‍ത്ഥികളും ഇത്തവണ നിരവധിയാണ്.

സമവായത്തിലൂടെ വിമതരെ ഒഴിവാക്കാനുള്ള ചര്‍ച്ചകളും മുന്നണികള്‍ നടത്തുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അതീവ ജാഗ്രത പാലിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മുന്നോട്ട് പോവുന്നത്. കൊട്ടിക്കലാശവും പ്രകടനങ്ങളും അടക്കം ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!