ഇതര സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ബസുകള്‍ കേരളത്തില്‍ നികുതി അടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇതു സംബന്ധിച്ച ഗതാഗത കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാനാന്തര സര്‍വീസ് നടത്തുന്ന ബസുകളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലെ സ്റ്റേ ആവശ്യമാണു ജസ്റ്റിസ് പി. ഗോപിനാഥ് അനുവദിക്കാതിരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമപ്രകാരം പെര്‍മിറ്റ് ഫീ അടച്ച ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഈടാക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം തടയണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ കേന്ദ്ര നിയമത്തിന്റെ അഭാവത്തില്‍, ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകളില്‍ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കുന്നതിന് തടസ്സമില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും പറഞ്ഞു. കേരള മോട്ടര്‍ വാഹന നികുതി ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണു നികുതി ഈടാക്കുന്നതെന്നും ഇത് ഭരണഘടനാനുസൃതമാണ് എന്നുമായിരുന്നു സര്‍ക്കാര്‍ വാദം.മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ കേരളത്തില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്നത് വിലക്കിയാണ് ഗതാഗത കമ്മിഷണര്‍ ഉത്തരവിട്ടത്. നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് റജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ കേരള മോട്ടര്‍ വാഹന ടാക്‌സേഷന്‍ നിയമ പ്രകാരം നികുതി ഈടാക്കും എന്നായിരുന്നു നിര്‍ദേശം. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.സംസ്ഥാനാന്തര യാത്രകള്‍ സുഗമമാക്കാന്‍ കേന്ദ്രം ആവിഷ്‌കരിച്ച ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ബസുടമകളുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഗതാഗത കമ്മിഷനറടക്കം എതിര്‍ കക്ഷികള്‍ക്ക് നോട്ടിസിനു നിര്‍ദേശിച്ചു.