മാട്രിമോണിയില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി വയനാട് സ്വദേശിനിയില്‍ നിന്നും പണം തട്ടിയ എറണാകുളം, ആലങ്ങാട്, കോട്ടപ്പുറം സ്വദേശി ദേവധേയം വീട്ടില്‍ വി.എസ് രതീഷ്‌മോനെ(37)യാണ് വയനാട് സൈബര്‍ പോലീസ് എറണാകുളത്ത് നിന്നും പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 85000 രൂപയാണ് ഇയാള്‍ തട്ടിയത്.
ആള്‍മാറാട്ടം നടത്തി മാട്രിമോണി വഴി പരിചയപ്പെട്ട് ഫോണിലൂടെയും വാട്‌സ്ആപ്പ് വഴിയും യുവതിയെയും ബന്ധുക്കളേയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. ശേഷം പല വിധങ്ങളില്‍ പ്രലോഭിപ്പിച്ച് ജനുവരി മാസത്തില്‍ പലപ്പോഴായി യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി 85000 രൂപ കൈക്കലാക്കി ഇയാള്‍ തട്ടിപ്പ് നടത്തുകയായിരുന്നു.
2023 ല്‍ എറണാകുളം ഹില്‍ പാലസ് സ്റ്റേഷനില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുണ്ട്. ഇയാള്‍ ഇത്തരത്തില്‍ കൂടുതല്‍ പേരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ഷജു ജോസഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ പി.കെ നജീബ് സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. വിനീഷ, പി.പി. പ്രവീണ്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.