ജില്ലയിലെ കര്‍ഷകരെ സഹായിക്കുന്നതിന്നായി ബത്തേരി അമ്മായിപ്പാലത്ത് ആരംഭിച്ച കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ നശിക്കുന്നത് കോടികളുടെ മുതല്‍. ശീതീകരിച്ച സംഭരണ ശാല, അഗ്രോ ഇന്‍ടസ്ട്രിയല്‍ മില്ല്, 2 ശീതകരണ വാഹനങ്ങള്‍ തുടങ്ങിയവയാണ് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഗുണപ്രദമാക്കണമെന്ന ആവശ്യവും അവഗണിക്കുന്നതായി ആക്ഷേപം.
തുടക്കത്തില്‍ നല്ലരീതിയില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സജീവമായിരുന്നെങ്കിലും പിന്നീട് നിര്‍ജീവമാകുകയായിരുന്നു. ഇടക്കിടക്ക് കോടികള്‍ മുടക്കി നിര്‍മ്മിതികള്‍ ഉണ്ടാക്കുകയും വാഹനങ്ങള്‍ വാങ്ങി ഉല്‍ഘാടനം ചെയ്യുകയുമല്ലാതെ ഇതുകൊണ്ട് ഒരു ഗുണവും ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നിലവില്‍ 2016ല്‍ 25 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച പഴം പച്ചക്കറി ശീതീകരിച്ച സംഭരണ ശാല കേന്ദ്രത്തില്‍ അടഞ്ഞുകിടക്കുകയാണ്.
നാല് വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും യന്ത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത് അഗ്രോഇന്‍ടസ്ട്രിയല്‍ മില്ലും അടഞ്ഞുകിടക്കുകയാണ്. ഇതിനും ലക്ഷങ്ങളാണ് മുടക്കിയത്. കൂടാതെ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികള്‍ വിവിധ ജില്ലകളില്‍ കേടുകൂടാതെ എത്തിക്കുന്നതിന്നായി വാങ്ങിയ രണ്ട് ശീതീകരിച്ച വാഹനങ്ങളും വര്‍ഷങ്ങളായി ചലനമറ്റ് കിടക്കുകയാണ്.
ഇത്തരത്തില്‍ കോടികളാണ് ഈ കേന്ദ്രത്തില്‍ നശിക്കുന്നത്. ഇതെല്ലാം കര്‍ഷകര്‍ക്ക് ഉപകാരപെടുത്തണമെന്നആവശ്യം കാലങ്ങളായി അധികൃതരെ അറിയിക്കുന്നുണ്ടങ്കിലും അതെല്ലാം അവഗണിക്കുകയാണന്നാണ് ആരോപണം. കര്‍ഷകരെ സഹായിക്കാന്‍ കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ ഈ സ്ഥാപനം നല്ലരീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് അത് ജില്ലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.