45 വയസ്സിനുമുകളിലുള്ള പരമാവധി പേര്‍ക്ക് ഒരു മാസത്തിനുള്ളില്‍ കോവിഡ് പ്രതിരോധമരുന്ന് നല്‍കാനുള്ള കൂട്ടവാക്‌സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം സൂചിപ്പിക്കുന്ന ഗ്രാഫ് താഴ്ത്തിക്കൊണ്ടുവരുന്നതിനായി ക്രഷിങ് ദ കര്‍വ് എന്ന പേരിലുള്ള കര്‍മപദ്ധതിയാണ് ലക്ഷ്യം.
രോഗം ബാധിച്ചിട്ടില്ലാത്തവരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മരുന്നുവിതരണം വേഗത്തിലാക്കുന്നത്.
11.48 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 11 ശതമാനത്തോളം പേര്‍ കോവിഡ് വന്നുപോയത് അറിഞ്ഞിട്ടില്ല. 95 ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിനെടുത്തു. ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരില്‍ 4,90,625 പേര്‍ ആദ്യ ഡോസും 3,21,209 പേര്‍ രണ്ടാംഡോസും സ്വീകരിച്ചു. മുന്‍നിരപ്രതിരോധ പ്രവര്‍ത്തകരില്‍ 1,13,191 പേരാണ് ആദ്യഡോസ് സ്വീകരിച്ചത്. 76,104 പേര്‍ രണ്ടാംഡോസും കുത്തിവെച്ചു. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന 3,27,167 ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഡോസും 20,336 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 45നുമേല്‍ പ്രായമുള്ള 29,66,007 പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 36,327 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. അറുപതിനുമേല്‍ പ്രായമായവരും 45നുമേല്‍ പ്രായമായ മറ്റുരോഗമുള്ളവരും അടക്കമാണിത്.