വന്യമൃഗശല്യം നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും- വി.ഡി.സതീശന്‍

0

വന്യമൃഗ ആക്രമണം മൂലം വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും, കൃഷി നാശവും മനുഷ്യനാശവും ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കടുവ ശല്യം പരിഹരിക്കുക, വന്യമൃഗശല്യത്തിന് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ എട്ട് ദിവസമായി യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടത്തുന്ന റിലേ സത്യഗ്രഹ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 ല്‍ നിശ്ചയിച്ച നഷ്ടപരിഹാര തുകയാണ് നിലവില്‍ നല്‍കുന്നത്. ഇത് അപര്യാപ്തമാണ്. വന്യമൃഗശല്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗം തേടണം. ഈ വിഷയം മന്ത്രി ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും വന്യമൃഗശല്യം രൂക്ഷമാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ജനങ്ങള്‍ക്ക് ഉത്കണ്ഠ ഉണ്ടന്നും അദ്ദേഹം പറഞ്ഞു.

നിയമ സഭക്കകത്തും പുറത്തും ഈ വിഷയം ഉന്നയിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അഡ്വ.എന്‍.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എട്ടാം ദിവസമായ ഇന്ന് യു.ഡി.എഫിന്റെ പത്തോളം നേതാക്കള്‍ കൂട്ട സത്യാഗ്രഹമാണ് നടത്തുന്നത്. സമരത്തെ അഭിസംബോധന ചെയ്ത് വിവിധ ഘടക കക്ഷി നേതാക്കള്‍ പ്രസംഗിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!