സംസ്ഥാനത്ത് വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എ.ഐ. ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. പോലീസാകും ഇവ സ്ഥാപിക്കുക. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ട്രാഫിക് ഐ.ജി.ക്ക് നിര്‍ദേശംനല്‍കി. എ.ഡി.ജി.പി. മനോജ് എബ്രഹാം വിളിച്ച യോഗത്തിലാണ് തീരുമാനം.
മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 നിര്‍മിതബുദ്ധി ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തിയിട്ടില്ലാത്ത പാതകള്‍ കേന്ദ്രീകരിച്ചാകും ഇവ വരുക. 374 അതിതീവ്ര ബ്ലാക്ക്‌സ്പോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കും. എ.ഐ. ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഐ. ക്യാമറ പദ്ധതി പോലീസ് ഏറ്റെടുക്കുന്നത്.