ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്‌കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും.ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ്എസ്,മുണ്ടക്കൈ എല്‍പി സ്‌കൂള്‍ എന്നിവ പുനക്രമീകരിക്കാന്‍ ഉള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാര്‍മല സ്‌കൂള്‍ ഒരുക്കുന്നത്.മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎല്‍പി സ്‌കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ 500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരൊറ്റ ദിവസം കൊണ്ട് സ്‌കൂളില്ലാതെ ആയത്. മേപ്പാടിയില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കുമ്പോള്‍ വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ജില്ലാ പഞ്ചായത്താണ് മേപ്പാടി ഹൈസ്‌കൂളില്‍ ക്രമീകരണങ്ങള്‍ വേഗത്തിലാക്കുന്നത്.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ട് സ്‌കൂളുകളാണ് പുനക്രമീകരിക്കേണ്ടത്. മുണ്ടക്കൈ എല്‍ പി സ്‌കൂള്‍, മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ എപിജെ ഹാളിലാണ് താല്‍ക്കാലികമായി ഒരുക്കുന്നത്. നാല് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ചെറിയ കുട്ടികള്‍ ആയതിനാല്‍ സുരക്ഷ കൈവരികള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമാണ്. ശുചിമുറികളും തയ്യാറാക്കണം.ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു.
വെള്ളാര്‍മല ജിവിഎച്ച്എസ്എസിലെ 500ല്‍ അധികം വരുന്ന വിദ്യാര്‍ത്ഥികളെ മേപ്പാടി ജിഎച്ച്എസ്എസിലേക്കാണ് മാറ്റുന്നത്. 17 ക്ലാസ് മുറികള്‍ വേണ്ട സ്ഥാനത്ത് 13 എണ്ണം മാത്രമേ കണ്ടെത്താന്‍ ആയിട്ടുള്ളൂ. സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് എന്നിവ കൂടി വേണ്ടിവരും. പുതുതായി ഒരു കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കുമെന്നും മേപ്പാടി ഹയര്‍ സെക്കന്‍ഡറിയുടെ സയന്‍സ് ലാബ് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാം എന്നുമാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സയന്‍സ് ലാബുകള്‍ ഉപയോഗിക്കേണ്ട ക്ലാസുകളുടെ എണ്ണം കൂടുമ്പോള്‍, സമയക്രമം നിര്‍ണയിക്കുക എളുപ്പമല്ല. അദ്ധ്യയനം മുടങ്ങിയ ദിവസങ്ങള്‍ എങ്ങനെ തീര്‍ക്കും എന്നതും ആലോചിക്കേണ്ടതുണ്ട്.
തകര്‍ന്ന രണ്ട് സ്‌കൂളുകളിലെ അധ്യാപകരുടെ പുനര്‍ന്യാസത്തിലും അന്തിമ തീരുമാനമായിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് കെഎസ്ആര്‍ടിസിയുമായി സഹകരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. മേപ്പാടി -ചൂരല്‍മല റോഡില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഒരുക്കും. കലക്ടര്‍ അനുവദിക്കുന്ന പ്രത്യേക പാസ്സുപയോഗിച്ച് സൗജന്യമായി സ്‌കൂള്‍ യാത്ര നടത്താം. അപ്പോഴും ഏറെ ദൂരെ വാടകവീടുകള്‍ കിട്ടിയ, കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മേപ്പാടിയില്‍ വന്നു പോകേണ്ടിവരും. അല്ലെങ്കില്‍ വാടകവീടുകള്‍ കിട്ടിയതിനടുത്തുള്ള സ്‌കൂളുകളില്‍ പ്രവേശനം നേടേണ്ടി വരും.