സിദ്ധാര്‍ഥന്റെ മരണം: തെളിവു നശിപ്പിക്കാന്‍ പോലീസ് സഹായിച്ചു അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

0

വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാനും ഒളവില്‍ പോവാനും പൊലീസ് സൗകര്യം ചെയ്തുകൊടുത്തുവെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് ബോധപൂര്‍വമായ കാലതാമസം വരുത്തി. ഉന്നതതല രാഷ്ട്രീയ ഇടപെടലാണ് ഇതിന് പിന്നിലുള്ളത്. പ്രതികളെ പിടികൂടുന്നതിലെ ആദ്യത്തെ സുവര്‍ണ സമയമാണ് പൊലീസ് നഷ്ടപ്പെടുത്തിയത്. സീന്‍ മഹസര്‍ തയാറാക്കിയത് എസ്.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലാണ്. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ ചെയ്തതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് വ്യക്തമായിട്ടും, പൊലീസ് ആ വകുപ്പ് ചേര്‍ത്താന്‍ തയാറായില്ല. അത് പൊലീസും ഇതിന്റെ ഭാഗമായതുകൊണ്ടാണ്. അതുകൊണ്ട് കേസ് കുടുംബം ആവശ്യപ്പെട്ടതുപോലെ സി.ബി.ഐ പോലുള്ള ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. പ്രതികളെ ഹാജരാക്കുന്ന സമയത്ത് മുന് എം.എല്‍ എ സി.കെ.ശശീന്ദ്രന്‍ ആര്‍ക്കുവേണ്ടിയാണ് മജിസ്ട്രേറ്റിന്റെ വസതിയില്‍ പോയതെന്ന് എം എല്‍ എ ചോദിച്ചു. കുടുംബത്തിനൊപ്പമാണെങ്കില്‍ എങ്ങിനെയാണ് ശശീന്ദ്രന് അങ്ങിനെ പ്രവര്ത്തിക്കുക. അതിനു പിന്നില്‍ സി പി എമ്മിന്റെ പാര്‍ട്ടി തീരുമാനമാണ്. ഡി.വൈ.എസ്.പി.യുടെ ഓഫീസില്‍ പോയി ഭീഷണിപ്പെടുത്തി. എന്നിട്ടും സിദ്ധാര്‍ഥനൊപ്പമാണെന്ന് പറയുകയാണെന്നും എം.എല്‍ എ പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോവുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മരിച്ചത് മൂടിവെക്കാന്‍ ശ്രമം നടത്തി. സി.കെ.ശശീന്ദ്രന്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ പോയത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Leave A Reply

Your email address will not be published.

error: Content is protected !!