സംസ്ഥാനത്തിന് പ്രതീക്ഷ

0

രാത്രി യാത്ര നിരോധനകേസില്‍ സംസ്ഥാനത്തിന് പ്രതീക്ഷയേകി സുപ്രീംകോടതി നിര്‍ദ്ദേശം. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന നിര്‍ദ്ധിഷ്ട നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് റെയില്‍വേ പാതയുടെ സര്‍വ്വേ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ റെയില്‍വേക്കും കേന്ദ്രസര്‍ക്കാറിനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇക്കഴിഞ്ഞ 25ന് ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ്ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബഞ്ച് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കയിത്.

ബന്ദിപ്പൂര്‍ രാത്രി യാത്ര നിരോധനവും ആയി ബന്ധപ്പെട്ട വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനോടും, കേരള, കര്‍ണാടക സര്‍ക്കാരുകളോടും സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കഴിഞ്ഞ 25ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ ദേശീയപാത 766 കടന്ന് പോകുന്ന അതെ വഴിയിലൂടെ ടണല്‍ വഴി റെയില്‍വേ നിലമ്പൂര്‍ നഞ്ചന്‍ഗുഡ് റെയില്‍വേ പാതക്ക് വേണ്ടിയുള്ള സര്‍വ്വേ നടത്തുന്നതായി അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കര്‍ണാടക സര്‍ക്കാറിന്റെ പൂര്‍ണ്ണ സഹകരണത്തോടെ ബന്ദിപ്പൂര്‍ വനത്തിന്റെ ഉള്ളിലടക്കം ഈ പാതയുടെ സര്‍വ്വേ പൂര്‍ത്തിയാക്കുകയിരുന്നു. ഇതിനെതുടര്‍ന്നാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.

ബന്ദിപ്പൂരിലെ കടുവ സങ്കേതത്തിലൂടെ കടന്ന് പോകുന്ന ദേശിയ പാതയ്ക്ക് ബദലായി കുട്ട ഗോണിക്കുപ്പ വഴിയുള്ള ബദല്‍ പാത എന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്ന് വരുകയും ചെയ്തിരുന്നു. ഈ പാത നാല് വരിയാക്കി നിലവിലെ പാത അടച്ച് പൂട്ടാനുള്ള സാധ്യതകള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടതോടെ ബന്ദിപ്പൂര്‍ വഴിയുള്ള ദേശീയ പാത പൂര്‍ണ്ണമായും അടഞ്ഞുപോകും എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍ റയില്‍പാതയും ദേശീയപാതയും ഒരേ ടണല്‍ വഴി ബന്ദിപ്പൂര്‍ വനത്തിനടിയിലൂടെ കൊണ്ടുപോകാം എന്ന നിര്‍ദ്ദേശത്തിന് ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യത വന്നിരിക്കുകയാണ്. സുപ്രിം കോടതിനടപടി രാത്രിയാത്രാ നിരോധന പ്രശ്നം പരിഹരിക്കാനുള്ള പരിശ്രമങ്ങളിലെ ആശാവഹമായ പുരോഗതിയായാണ് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി വിലയിരുത്തുന്നത്. ടണല്‍ വഴിയുള്ള റോഡ് സംബന്ധിച്ച് ആക്ഷന്‍ കമ്മറ്റി വിധക്തരുടെ അഭിപ്രായവും തേടിയിരുന്നു. ഇത് സംബന്ധിച്ച് ദേശീയപാതഅതോറിറ്റിയും റയില്‍വേയുമായി കൂടുതല്‍ചര്‍ച്ചകള്‍നടത്തി അവ സമാഹരിച്ച് അടുത്ത തവണ കേസ് എടുക്കുമ്പോള്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ആക്ഷന്‍ കമ്മറ്റി.

Leave A Reply

Your email address will not be published.

error: Content is protected !!