മീനങ്ങാടി: ഒരു നാടിന്റെ പ്രാര്‍ത്ഥനകള്‍ വിഫലം…. പ്രതീക്ഷകള്‍ക്ക് വിപരീതമായി രണ്ടര വയസ്സുകാരിയുടെ മരണത്തിന്റെ നടുക്കത്തിലാണ് ഒരു നാട് മുഴുവന്‍. കണ്ണീരോര്‍മ്മയാവുകയാണ് ശിവ പാര്‍വണ. ഇന്ന് രാവിലെ 11.30 ഓടെയാണ് കുട്ടിയെ കാണാതായ ഭാഗത്ത് നിന്നും ഒന്നര കിലോമീറ്ററോളം മാറി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്റെയും ധന്യയുടെയും മകളായ ശിവ പാര്‍വണയുടെ മൃതദേഹമാണ് നിണ്ട തിരച്ചിലിനൊടുവില്‍ തുര്‍ക്കി ജീവന്‍ രക്ഷാ അംഗങ്ങള്‍ കണ്ടെത്തിയത്.
രണ്ട് ദിവസത്തെ തെരച്ചില്‍…. വീട്ടുകാരുടെ ഓമന പുത്രി…. ഇന്നലെ രാവിലെ 10.30 യോടെയാണ് കുട്ടി പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ജീവന്‍ രക്ഷാ പ്രവര്‍ത്തകരും പുഴയില്‍ ഇന്നലെ വൈകിട്ട് 7 മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മീനങ്ങാടി പുഴംകുനി ചേവായില്‍ രജിത്ത് കുമാറിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു രണ്ടര വയസ്സുകാരി.
ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ വീടാണ് പുഴം കുനിയിലേത്. പുഴക്ക് സമീപത്ത് കുട്ടിയുടെ കാല്‍പ്പാട് കണ്ടെത്തിയതിനെതുടര്‍ന്നാണ് പുഴയില്‍ വീണോ എന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് പ്രദേശവാസികളും, ജീവന്‍ രക്ഷാപ്രവര്‍ത്തകരും കല്‍പ്പറ്റ -ബത്തേരി ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങളും തിരച്ചില്‍ തുടരുകയായിരുന്നു. ഒടുവില്‍ ഇന്ന് 11.30 കുട്ടിയെ കാണാതായ ഭാഗത്ത് നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ദേശീയ പാതയില്‍ കുട്ടിരായന്‍ പാലത്തിനും ചില്ലിംഗ് പ്ലാന്റിന് സമീപത്തു നിന്നുമായാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയില്‍ തുര്‍ക്കി ജീവന്‍ രക്ഷാ സമിതിയാണ് മൃതദേഹം കണ്ടെത്തിയത്.