കടുവ പശുക്കിടാങ്ങളെ ആക്രമിച്ച് കൊന്നു

0

കൊളവള്ളിയില്‍ കടുവയിറങ്ങി രണ്ടു പശുക്കിടാങ്ങളെ ആക്രമിച്ച് കൊന്നു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കളപ്പുരയ്ക്കല്‍ ജോസഫിന്റെ ഒന്നര വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. കൃഷിയിടത്തില്‍ മേയാന്‍വിട്ട പശുക്കളെ ഉച്ചയ്ക്ക് വെള്ളംകുടിക്കാന്‍ കന്നാരംപുഴയില്‍ വിട്ടപ്പോഴാണ് കടുവ പശുക്കിടാങ്ങളെ ആക്രമിച്ചത്. ആദ്യം പിടികൂടി പശുക്കിടാവിനെ വലിച്ചിഴച്ച് പുഴയ്ക്കക്കരെ എത്തിച്ചെങ്കിലും ജോസഫ് ബഹളംവെച്ചതോടെ പശുക്കിടാവിനെ ഉപേക്ഷിച്ചുപോയ കടുവ, സമീപത്തുണ്ടായിരുന്ന മറ്റൊരു പശുക്കിടാവിനെ പിടികൂടുകയായിരുന്നു. ഈ പശുക്കിടാവിനേയും വലിച്ചിഴച്ച് പുഴയ്ക്കക്കരെ കൊണ്ടുപോയെങ്കിലും ജോസഫ് വീണ്ടും ബഹളം വെച്ചതോടെ കിടാവിനെ ഉപേക്ഷിച്ച് പുഴക്കക്കരെയുള്ള കര്‍ണാടക വനമേഖലയിലേക്ക് രക്ഷപ്പെട്ടു.

വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്ന് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി.ആര്‍. ഷാജി പറഞ്ഞു. പശുക്കിടാങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന വാല്യുവേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരു മാസം മുമ്പ് സമീപ പ്രദേശമായ കബനിഗിരി ഗൃഹന്നൂരില്‍ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ക്കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നുതിന്നിരുന്നു. തൊട്ടടുത്ത സീതാമൗണ്ടിലെ കൃഷിയിടത്തിലും കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കൊളവള്ളിയില്‍ കബനി നദിക്കരയില്‍ മേയുകയായിരുന്ന ആടിനെ കടുവ പിടിച്ചുകൊണ്ടുപോയിരുന്നു. ജനവാസ മേഖലയില്‍ വീണ്ടും കടുവയിറങ്ങിയതോടെ പ്രദേശവാസികളെല്ലാം വലിയ ഭീതിയിലാണ്. ശല്യക്കാരനായ കടുവയെ കൂടുവെച്ച് പിടികൂടാന്‍ എത്രയും വേഗം നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!