ജില്ലയിലെ പ്രധാന അറിയിപ്പുകള്‍(14.07.2023)

0

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

കല്‍പ്പറ്റ നഗരസഭ ഐ.സി.ഡി.എസിനു കീഴില്‍ ജാഗ്രത സമിതിയില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ജൂലൈ 24 ന് രാവിലെ 10 ന് കല്‍പ്പറ്റ മുനിസിപ്പാലിറ്റി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം.
ഫോണ്‍: 8075980594.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയിനര്‍ നിയമനം

ചെതലയം ഗോത്ര പഠന ഗവേഷണ കേന്ദ്രത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയിനറെ നിയമിക്കുന്നു. ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 18 ന് രാവിലെ 10.30 ന് ചെതലയം ഗോത്ര പഠന ഗവേഷണ കേന്ദ്രം ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04936 238500.

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പളളി ഗ്രാമപഞ്ചായത്തിലെ കീര്‍ത്തിചക്ര ഗ്രാമകേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപയും, ബീനാച്ചി ജി.എച്ച്.എസ് മോഡല്‍ സ്റ്റാഫ് റൂം നിര്‍മ്മാണ പ്രവൃത്തിക്കായി മുപ്പത് ലക്ഷം രൂപയും, ചേകാടി ജി.എല്‍.പി.എസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്കായി അമ്പത് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

ഓവര്‍സിയര്‍ നിയമനം

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഐ.ടി.ഐ, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി ജൂലൈ 20 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 202418.

നെറ്റ് സീറോ കാര്‍ബണ്‍ കേരളം: ജനകീയ ശില്‍പ്പശാല ശനിയാഴ്ച

സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള ഹരിത മിഷന്‍ പദ്ധതിയിലൂടെ കേരളത്തെ 2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ മേഖലയാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ ശനിയാഴ്ച ജനകീയ ശില്‍പ്പശാല നടത്തും. തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ശില്‍പ്പശാല രാവിലെ 10 ന് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ജയകുമാര്‍ വിഷയാവതരണം നടത്തും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ പദ്ധതി അനുഭവ വിശദീകരണം നടത്തും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജനപ്രതിനിധികള്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

ആനിമേറ്റര്‍ നിയമനം

കുടുംബശ്രീ പട്ടിക വര്‍ഗ പദ്ധതികളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പടിഞ്ഞാറത്തറ, നൂല്‍പുഴ, പനമരം, മാനന്തവാടി എന്നീ സി.ഡി.എസുകളില്‍ ആനിമേറ്റര്‍മാരെ നിയമിക്കുന്നു. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പത്താം ക്ലാസ്സ് പാസായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും ബയോഡാറ്റയും എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ജൂലൈ 25 നുള്ളില്‍ ജില്ലാ മിഷനില്‍ അപേക്ഷ നല്‍കണം.ഫോണ്‍. 04936 299370.

Leave A Reply

Your email address will not be published.

error: Content is protected !!