ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതല്‍ 2 രൂപ അധികം നല്‍കണം. ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ പണം കണ്ടെത്താനായി ബജറ്റില്‍ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവില്‍ വന്നത്. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും. മദ്യത്തിന്റെ വിലയും ഇന്ന് മുതലാണ് കൂടുന്നത്. മദ്യവിലയില്‍ പത്ത് രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും.
അതേസമയം, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അടക്കം തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ഫീസിനങ്ങള്‍ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന ബജറ്റ് നിര്‍ദേശത്തിന്റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകള്‍ കൂട്ടി ഉത്തരവിറക്കിയത്. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റിനും ലൈസന്‍സിനും ചെലവേറും. പഞ്ചായത്തുകളില്‍ ലൈസന്‍സ് അപേക്ഷാ ഫീസ് ച.മീറ്ററിന് 300 മുതല്‍ 3000 രൂപ വരെയായി ഉയരും. മുന്‍സിപ്പാലിറ്റിയില്‍ 300 മുതല്‍ 4000 വരെയും കോര്‍പറേഷനില്‍ 300 മുതല്‍ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്. ഏപ്രില്‍ പത്ത് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.