നഗരങ്ങളിലെ വലിയ മാളുകളില്‍ മുതല്‍ ഉത്സവപ്പറമ്പിലെ കുപ്പിവളക്കടകളില്‍ വരെ കറന്‍സി രഹിത ഇടപാടുകള്‍ ഒരുക്കി ഡിജിറ്റല്‍ ബാങ്കിങ് രംഗത്തു ലക്ഷ്യം നേടി കേരളം. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ചു തൃശൂര്‍, കോട്ടയം ജില്ലകളില്‍ ആരംഭിച്ച സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയാക്കി. സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് പ്രഖ്യാപനം നാളെ തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 3.60 കോടിയിലധികം സേവിങ്‌സ് യോഗ്യരായ അക്കൗണ്ട് ഉടമകളെയാണു ഡിജിറ്റലാക്കിയത്. അതില്‍ 1.75 കോടിയിലധികം പേര്‍ സ്ത്രീകളാണെന്ന പ്രത്യേകതയുണ്ട്. 7.18 ലക്ഷം കറന്റ് അക്കൗണ്ടുകളാണു ഡിജിറ്റലായത്. സേവിങ്‌സ്, കറന്റ് അക്കൗണ്ട് ഗുണഭോക്താക്കളെ എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ആധാര്‍, ക്യുആര്‍ കോഡ് അധിഷ്ഠിത പണമിടപാടുകള്‍, യുപിഐ പേയ്െമന്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയിലൂടെ കറന്‍സി രഹിത ഇടപാടുകള്‍ക്കു പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം.
കൂടുതല്‍ പേരും ഉപയോഗിക്കുന്നത് എടിഎം കാര്‍ഡുകളും ആധാര്‍ അധിഷ്ഠിത സേവനവുമാണ്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാടുകള്‍ നടത്തുന്ന രീതിയിലും വലിയ തോതില്‍ വര്‍ധനയുണ്ട്. റിസര്‍വ് ബാങ്ക്, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി, ലീഡ് ബാങ്കുകള്‍, വിവിധ ബാങ്കുകള്‍ എന്നിവയുടെ നേതൃത്വത്തിലാണു ഡിജിറ്റല്‍ യജ്ഞം നടപ്പാക്കിയത്.