ഓണസദ്യ

0

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. ‘ഉണ്ടറിയണം ഓണം’ എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിർബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.

Leave A Reply

Your email address will not be published.

error: Content is protected !!