സംസ്ഥാനത്ത് പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ടലിന് പുറത്ത് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് രാത്രി 10 മണിവരെ മാത്രമാകണം. ഇവിടങ്ങളില്‍ സിസിടിവി ക്യാമറകളുണ്ടെന്ന് ഉറപ്പ് വരുത്തണം. ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗമില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ ഉറപ്പുവരുത്തണമെന്നുമാണ് ഡിജിപിയുടെ നിര്‍ദ്ദേശം. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി പാര്‍ട്ടികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ കര്‍ശന നിയന്ത്രണം.ലഹരി പാര്‍ട്ടി നടക്കാന്‍ സാധ്യതയുള്ള ഹോട്ടലുകളുടെ വിവരങ്ങളടക്കം ഉള്‍പ്പെടെയാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
അതേ സമയം സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും. കൊവിഡിനൊപ്പം സംസ്ഥാനത്ത് ഒമിക്രോണും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് നാല് മണിക്ക് അവലോകന യോഗം ചേരുന്നത്. പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.