ആദിവാസികളുടെ ഭൂമിയിലുള്ള അവകാശംസംരക്ഷിക്കപ്പെടണം-സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ

0

മുഖ്യധാരയില്‍ നിന്നും പിന്‍തള്ളപ്പെട്ട ആദിവാസികളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടുന്നതിനുള്ള നടപടികളാണ് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതെന്ന് സി. കെ. ശശീന്ദ്രന്‍ എംഎല്‍എ. ഐക്യരാഷ്ട്രസഭയുടെ തദ്ദേശീയ ജനതയ്ക്കായുള്ള അവകാശ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുട്ടില്‍ പഞ്ചായത്ത് അമ്പുകുത്തി ലക്ഷംവീട് കോളനിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷ, സംസ്‌കാരം, നാട്ടറിവ് എന്നിവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒപ്പം ആദിവാസി പാരമ്പര്യത്തിലുള്ള ഔഷധങ്ങളും സംരക്ഷിക്കണം. ഭാഷയും സംസ്‌കാരവും നഷ്ടപ്പെട്ടാല്‍ അതുവഴി ഒരു വംശവും ഇല്ലാതാകുമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അമ്പുകുത്തി ലക്ഷം വീട് കോളനിയിലെ ക്ലബ്ബിനായി അഞ്ചുലക്ഷം രൂപ ചെലവിട്ട് കെട്ടിടം നിര്‍മിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഇതിനുള്ള പണം വകുപ്പില്‍നിന്നോ എം.എല്‍.എ ഫണ്ടില്‍നിന്നോ ലഭ്യമാക്കും. സ്വയം പര്യാപ്തതയും മദ്യാസക്തിയില്‍ നിന്നുള്ള മോചനവും ആദിവാസി വിഭാഗങ്ങളില്‍ അനിവാര്യമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴാണ് ‘നാം തദ്ദേശീയര്‍, ലോകം നമുക്കൊപ്പം’ എന്ന ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനത്തിന്റെ പ്രസക്തി ഉള്‍ക്കൊള്ളാനാവുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ആധ്യക്ഷ്യം വഹിച്ചു. ഊരുമൂപ്പന്‍ നൂഞ്ചന്‍ ദീപം കൊളുത്തി പരിപാടിക്ക് തുടക്കമിട്ടു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അമ്മാത്തുവളപ്പില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാടന്‍ പാട്ടുകാരി ബിന്ദു ദാമോദരനെയും ചിത്രകാരന്‍ എം.ആര്‍. രമേഷിനെയും യോഗത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ പി. വാണിദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ എല്ലാ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലും ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. ആദിവാസികളുടെ പാരമ്പര്യ അറിവുകള്‍, വിഭവങ്ങള്‍, ഭാഷ, ഭൂമി എന്നിവ സംരക്ഷിക്കേണ്ടത് ലോക സമൂഹത്തിന്റെ കടമയാണ് എന്നുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനം ജനങ്ങളിലെത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വിവിധ വിഷയങ്ങളില്‍ എം.യു. ജയപ്രകാശ്, എം.ഒ.സജി, പി.മുഹമ്മദ്, സി.ഇസ്മായില്‍ എന്നിവര്‍ ക്ലാസ് എടുത്തു. കോളനിയിലെ ഫുഡ്‌ബോള്‍ ക്ലബ് അംഗങ്ങള്‍ക്ക് കളിയുപകരണങ്ങളുടെ വിതരണവും നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!