. 140 മണ്ഡലങ്ങളിലും പട്ടികയിലുള്ള സമാന എന്‍ട്രികള്‍ വിശദമായ പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടിംഗ് ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്താനും തീരുമാനം.
വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാനും കള്ളവോട്ട് തടയാനുമുള്ള കര്‍ശന നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്നത്. 140 മണ്ഡലങ്ങളിലും പട്ടികയില്‍ സമാന എന്‍ട്രികള്‍ ഉണ്ടെങ്കില്‍ അവ വിശദമായ ജില്ലാ കളക്ടര്‍മാര്‍ പരിശോധന നടത്തും. ഇതിനായി പ്രത്യേക ടീമുകള്‍ രൂപീകരിച്ച് 25നകം പരിശോധന പൂര്‍ത്തിയാക്കണം. സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടര്‍മാരുടെ വിവരങ്ങള്‍ ബൂത്ത് തലത്തില്‍ തയാറാക്കും.
ഈ പട്ടിക ബി.എല്‍.ഒമാര്‍ക്ക് നല്‍കി ഫീല്‍ഡ്തല പരിശോധന നടത്തി യഥാര്‍ഥ വോട്ടര്‍മാരെ കണ്ടെത്തും. ഇത്തരത്തില്‍ ബി.എല്‍.ഒമാര്‍ കണ്ടെത്തുന്ന ആവര്‍ത്തനം അവര്‍ക്കു നല്‍കിയിട്ടുള്ള സമാന വോട്ടര്‍മാരുടെ പട്ടികയില്‍ കൃത്യമായി രേഖപ്പെടുത്തി 30ന് മുമ്പ് വരണാധികാരികള്‍ക്ക് നല്‍കണം. വരണാധികാരികള്‍ ആവര്‍ത്തനമുള്ള പേരുകാരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കും.
വോട്ടിംഗ് ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ കള്ളവോട്ട് തടയാനായി ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്തും. ഈ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്ക് കൃത്യമായി വിരലില്‍ മഷി പതിപ്പിച്ച് മഷി ഉണങ്ങിയശേഷം മാത്രമെ ബൂത്ത് വിടാന്‍ അനുവദിക്കു.
ഏതെങ്കിലും ബൂത്തില്‍ കൂടുതല്‍ അപാകതകള്‍ പട്ടികയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തില്‍ വെബ്കാസ്റ്റിംഗ്/സി.സി.ടി.വി എന്നിവ ഉള്‍പ്പെടുത്തും. ആള്‍മാറാട്ടം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടാകും.
പട്ടികയില്‍ ആവര്‍ത്തനം സംഭവിക്കുന്നതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് അശ്രദ്ധയോ മനഃപൂര്‍വമായ അനാസ്ഥയോ ഉണ്ടായതായി കണ്ടെത്തിയാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.