മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഓഗസ്റ്റ് 9 മുതല്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങള്‍ക്കും ടിപിആര്‍ നിരക്കനുസരിച്ച് എബിസിഡി കാറ്റഗറിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാന്‍ ഇന്ന് തൃശൂരില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമെടുത്തു.
കൊവിഡ് വ്യാപനം രൂക്ഷമായ നാള്‍ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി അടച്ചിടുന്നതിനെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയ വ്യാപാരികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ ഇന്ന് തൃശൂരില്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. ഓഗസ്റ്റ് ആറാം തീയതിക്ക് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ രമ്യമായ പരിഹാരത്തിനായി ഈ വിഷയത്തിലിടപെട്ടില്ലെങ്കില്‍ അഖിലേന്ത്യാ വ്യാപാരി ദിനമായ ഓഗസ്റ്റ് ഒന്‍പത് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് യോഗത്തില്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി ഓഗസ്റ്റ് 2 ന് തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ഭാരവാഹികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണാ സമരം നടത്തും. മൂന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ജില്ലാ ഭാരവാഹികളും യൂത്ത് വിംഗ്, വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളും സെക്രട്ടറിയേറ്റിനു മുമ്പില്‍ റിലേ ധര്‍ണാ സമരം നടത്തുമെന്നും, മേല്‍ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിച്ചമര്‍ത്തലോ മറ്റ് പ്രതികാര നടപടികളോ ഉണ്ടായി കഴിഞ്ഞാല്‍ സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്റെ നേത്യത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുവാനുമാണ് യോഗ തീരുമാനം.