വാക്‌സീന്‍ എടുക്കാത്ത  അധ്യാപകര്‍ക്കെതിരെ  കര്‍ശന നടപടി വരുന്നു

0

കോവിഡ് വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ വാക്‌സീന്‍ എടുക്കാത്തവരെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ബോര്‍ഡ് അംഗീകരിക്കാത്തവര്‍ വാക്‌സീന്‍ എടുക്കേണ്ടിവരും. ഇല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് ആലോചന. കോവിഡ് വിദഗ്ധ സമിതിയുമായും ദുരന്തനിവാരണ വകുപ്പുമായും ഇതുചര്‍ച്ച ചെയ്യും.

വാക്‌സീന്‍ എടുക്കാത്തവര്‍ സ്‌കൂളില്‍ വരുന്നതു പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിര്‍ബന്ധിത അവധി ഉള്‍പ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ട്. അതേസമയം, ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനുള്ള നിര്‍ദേശം നിയമപരമായി നിലനില്‍ക്കുമോ എന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പിനുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വാക്‌സീന്‍ നിര്‍ബന്ധമായി എടുക്കണമെന്ന ഉത്തരവുണ്ടെങ്കിലേ അതു ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനാകൂ. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി പ്രസിദ്ധീകരിച്ച മാര്‍ഗരേഖ ദുരന്തനിവാരണ നിയമപ്രകാരമുള്ള ഉത്തരവായി പരിഗണിക്കാനാകുമോയെന്നും ഉറപ്പില്ല.

5000 പേരുണ്ടോ  ?  ആശയക്കുഴപ്പം

വാക്‌സീന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണത്തില്‍ ആശയക്കുഴപ്പം. ഏതാണ്ട് 5000 പേരുണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു. എന്നാല്‍, സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് എടുത്ത കണക്കു പ്രകാരം ഇത് 2609 ആയിരുന്നു. അലര്‍ജി, ആരോഗ്യപ്രശ്‌നം, മതപരമായ കാരണം എന്നിവയാണു കാരണങ്ങളായി പറഞ്ഞിരുന്നത്. അതിനു ശേഷം എണ്ണം കൂടിയത് എങ്ങനെയെന്നു വ്യക്തമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!