നാടുകാണിക്കുന്നിലെ അനധികൃത നിര്‍മ്മാണം: ജില്ലാ ഭരണകൂടം ഇടപെടണം

0

കോട്ടത്തറ മടക്കി നാടുകാണിക്കുന്നിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ജില്ലാ ഭരണകൂടം അടിയന്തമായി ഇടപെടണമെന്ന് കോട്ടത്തറ പഞ്ചായത്ത് പ്രസി പി റെനീഷ്. പ്രദേശവാസികള്‍ക്ക് ഭീഷണിയായ കുന്നില്‍ സംരക്ഷണഭിത്തി കെട്ടാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യം. മടക്കിമലയില്‍ വയനാട് ഗവ. മെഡിക്കല്‍ കോളജിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ തൊട്ടടുത്തുള്ള സ്ഥലത്താണ് കഴിഞ്ഞദിവസം അനധികൃത നിര്‍മ്മാണം കണ്ടെത്തിയത്.

പഞ്ചായത്ത്, റവന്യൂ അധികൃതരുടെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തി നടത്തിയതെന്നും യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തിയും നടത്താന്‍ പാടില്ലാത്ത സ്ഥലമാണിതെന്നും സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ബോധ്യമായതായി കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് റെനീഷ് പറഞ്ഞു. ചെങ്കുത്തായ മലയില്‍ വലിയ തോതില്‍ മണ്ണിടിച്ചതിനാല്‍ താഴ്ഭാഗത്തെ അമ്പതോളം കുടുംബങ്ങള്‍ ഭീഷണിയിലാണ്. ഖനനം ചെയ്ത് പാറയും മണ്ണും താഴേക്ക് വരുമോ എന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്.

വിഷയത്തില്‍ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും, പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന തരത്തിലുള്ള സംരക്ഷണഭിത്തി കെട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, ഇതിന്റെ ചെലവു മുഴുവന്‍ സ്ഥലം ഉടമയില്‍ നിന്നും ഈടാക്കണമെന്നുമുള്ള തീരുമാനം സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ കുന്നിന്‍മുകളിലെ പാറക്കൂട്ടം പൊട്ടിക്കാനായി എത്തിച്ച വാഹനം കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തശേഷം ജിയോളജിക്കല്‍ വകുപ്പിന് കൈമാറി. ഹിറ്റാച്ചി ഉപയോഗിച്ച് ഖനനം അടക്കമുള്ള പ്രവര്‍ത്തികള്‍ നടത്തിയത് നിയമപരമായിട്ടാണോ എന്ന് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു

 

Leave A Reply

Your email address will not be published.

error: Content is protected !!