വയനാട് ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള രണ്ടു ദിവസത്തെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകളില്‍ കുത്തിവെപ്പെടുത്തത് ആകെ 8557 പേര്‍. ലക്ഷ്യം വെച്ച 7500 നെക്കാളും ആയിരത്തിലധികം പേരാണ് വാക്‌സിന്‍ സ്വീകരിക്കാനായി ക്യാമ്പുകളിലെത്തിയത്. വെള്ളിയാഴ്ച മാത്രം 4355 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 18 നു മുകളില്‍ പ്രായമുള്ള 3815 ഉം 15 നും 17 നും ഇടയിലുള്ള 630 പേരും. 1170 പേരുടേത് ബൂസ്റ്റര്‍ ഡോസാണ്. ആദ്യ ദിനമായ വ്യാഴാഴ്ച 4196 പേര്‍ വാക്സിനെടുത്തിരുന്നു.
അമ്പലവയല്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി 75 പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ നടന്നത്. പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തീയാക്കുക എന്നത് കൂടിയാണ് മെഗാവാക്സിനേഷന്‍ യജ്ഞത്തിന്റെ മുഖ്യ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപന അധികൃതര്‍, വാര്‍ഡ് അംഗങ്ങള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, സ്‌കൂള്‍- കോളേജ് അധ്യാപകര്‍, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ആദിവാസി മേഖലയിലുള്ളവരെ ക്യാമ്പുകളില്‍ എത്തിച്ചത്. കോളനികളില്‍ നിന്നും ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കി.
നെന്മേനി പഞ്ചായത്തിലെ അമ്പലകുന്ന് കോളനി, നൂല്‍പ്പുഴയിലെ നമ്പിക്കൊല്ലി, പൂതാടിയിലെ ഇരുളം എന്നിവിടങ്ങളിലെ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ജില്ലാ കളക്ടര്‍ എ.ഗീത സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.