മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകുന്നു. ഇന്ന് ഇതുവരെ സിഎംഡിആർഎഫിൽ എത്തിയത് 39 ലക്ഷം രൂപയിൽ അധികമാണ്. വൈകുന്നേരം 4.30 വരെ 22 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിൽ എത്തിയത്. കൊവിഡ് വാക്സിൻ എടുത്തവർ വ്യാപകമായി സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയെന്നും കേരളത്തിൻ്റെ ഐക്യത്തെയാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇത് നമ്മുടെ നാടല്ലേ? കേരളമല്ലേ? കേരളത്തിൻ്റെ കൂട്ടായ്മയുടെ ഒരു ശക്തി നമ്മൾ ഇതിനു മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ ഒരു ഘട്ടത്തിൽ സ്വാഭാവികമായി ഇത്തരം ഒരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ടുവരുന്നു എന്നുള്ളതാണ് നമ്മൾ കാണേണ്ട ഒരു കാര്യം. അപ്പോൾ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്. ഞാനീ പരിപാടിക്ക് വരുമ്പോ തന്നെ ഒരു കണക്ക് ശ്രദ്ധയിൽ പെട്ടു. സിഎംഡിആർഎഫിലേക്ക് ഇന്ന്, ഒരു ദിവസത്തിനുള്ളിൽ, ഇന്ന് വൈകിട്ട് നാലര വരെ വാക്സിനെടുത്തവർ മാത്രം നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. സൗജന്യമായി എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അപ്പോൾ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുക എന്ന ആഗ്രഹം ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാവും. ഈ കാര്യത്തിലും അവരത് ചെയ്യുകയാണ്. ഇതിൻ്റെ മൂർദ്ധമായ രൂപം, നാളെ ഒന്നുകൂടി ചർച്ച ചെയ്തുകൊണ്ട് അവതരിപ്പിക്കുകയും ചെയ്യാം. എങ്ങനെയാണ് കുറേക്കൂടി ഫലപ്രദമായി കാര്യങ്ങൾ നീക്കാനാവുക എന്നത് നമുക്ക് അതിൻ്റെ ഭാഗമായി പരിശോധിക്കുകയും ചെയ്യാം.”- ഇങ്ങനെയായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.