കുപ്പിവെള്ളത്തിന്റെ വില 13; ഉത്തരവിന് സ്റ്റേ

0

കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പിവെള്ള ഉല്‍പ്പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഇതനുസരിച്ച് വിലനിര്‍ണയം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലന്നും നിലപാടെടുത്തു.ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തു.ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുപ്പി വെള്ളത്തിന്റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെളളത്തിന്റെ വില ഉയര്‍ത്താന്‍ ഉല്‍പ്പാദകര്‍ക്ക് കഴിയും. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പ് മറികടന്നാണ് കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നിശ്ചയിച്ചത്. 2018 ല്‍ തന്നെ കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നു. ചില കമ്പനികള്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ നിര്‍മ്മാണ ചെലവ് ചൂണ്ടിക്കാട്ടി വന്‍കിട കമ്പനികള്‍ എതിര്‍ത്തിരുന്നു. 15 രൂപയ്ക്ക് വില്‍ക്കാനാകണം എന്നായിരുന്നു വന്‍കിട കമ്പനികളുടെ ആവശ്യം. ചര്‍ച്ചകള്‍ ഫലിക്കാതെ നിയമയുദ്ധത്തിലേക്ക് കടന്നതോടെ കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!