കോവിഡ് രോഗികള്‍ ഉയരുന്നു; ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

0

സ്വകാര്യ ആശുപത്രികളിലുള്ള ആകെ കിടക്കകളുടെ 30 ശതമാനം കോവിഡ് കേസുകള്‍ക്കായി മാറ്റി വെക്കണം.
· വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കും.
· പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം

ജില്ലയില്‍ ഒമിക്രോണ്‍ വകഭേദമടക്കമുളള കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്വകാര്യ ആശുപത്രികളിലുള്ള ആകെ കിടക്കകളുടെ 30 ശതമാനം കോവിഡ് കേസുകള്‍ക്ക് മാത്രമായി മാറ്റി വെക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് പരമാവധി കുറയ്ക്കാനും സേവനങ്ങള്‍ ഇ ഓഫീസ് അല്ലെങ്കില്‍ മറ്റ് സമാന രീതികള്‍ ഉപയോഗിച്ച് നല്‍കാനും ഓഫീസ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികള്‍ക്ക് അനുവദിക്കാം. ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തണം.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടക്കല്‍, കുറുവ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വഴി മാത്രമാക്കി നിജപ്പെടുത്തുന്നതിന് ഡി.ടി.പി.സി നടപടി സ്വീകരിക്കണം.. ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വരുന്ന സഞ്ചാരികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതത് കേന്ദ്രങ്ങളിലെ ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ കേന്ദ്രങ്ങളായ കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും.

സാമൂഹ്യ-രാഷ്ട്രീയ, കലാ കായിക പരിപാടികള്‍, വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കും. അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കടകളിലും ഹോട്ടലുകളിലും സിനിമാശാലകളിലും 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവു. പ്രവേശന കവാടത്തില്‍ സാനിട്ടൈസറും തെര്‍മല്‍ സ്‌കാനറും നിര്‍ബന്ധമായും സൂക്ഷിക്കണം. തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ആളുകളെ പരിശോധിച്ചതിനു ശേഷം മാത്രമേ കടകളിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുളളു.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളിലെ ജിം, നീന്തല്‍കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഫെബ്രുവരി 15 വരെ നിര്‍ത്തി വെക്കണം. ഇത്തരം ഇടങ്ങളില്‍ ഒരു കാരണവശാലും അതിഥികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളതല്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലെ സ്ഥാപനങ്ങള്‍ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

റസിഡന്‍ഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷനുകള്‍, അപാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, ക്ലബുകള്‍, മാളുകള്‍, ഹോട്ടലുകള്‍, കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം.

ആളുകള്‍ ഒന്നിച്ച് കൂടുന്ന ഇടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. ഇക്കാര്യം ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രവേശിപ്പിക്കരുത്. സ്ഥാപനങ്ങളില്‍ ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ഉപയോഗിക്കണം. മാസ്‌ക് ധരിക്കാത്തവരെ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരമിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!