വില പ്രദര്‍ശിപ്പിക്കാത്ത കടകള്‍ കുടുങ്ങും കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം

0

 

സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമമായ വര്‍ദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കളക്ടര്‍മാരുടേയും, ജില്ലാ സപ്ലൈ ഓഫീസര്‍മാരുടേയും, ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടേയും യോഗത്തിലാണ് ഭക്ഷ്യ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.വില നിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും.കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കും. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളില്‍ കൃത്യമായ അവലോകന യോഗം നടത്തി സ്ഥിതി വിലയിരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് അരി വില വര്‍ദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തിട്ടുണ്ട്. കേരളത്തില്‍ മാത്രമായി വില വര്‍ദ്ധനവിന് പ്രത്യേക കാരണങ്ങളൊന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി അനില്‍ വ്യക്തമാക്കി.റേഷന്‍ കടകളിലൂടെയും സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെയും സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെയും കൂടുതല്‍ അരി റേഷന്‍ കാര്‍ഡുടമകള്‍ക്ക് എത്തിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. യോഗത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പി. ബിജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ സെക്രട്ടറി അലി അസ്ഗര്‍ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ഡി. സജിത് ബാബു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ജോണ്‍ സാമുവല്‍, ജില്ലാ കളക്ടര്‍മാര്‍, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!