കാലം തെറ്റി പെയ്ത കനത്ത മഴ പാവല്‍ കര്‍ഷകരുടെ നടുവൊടിക്കുന്നു. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പാവല്‍ കൃഷിക്കാര്‍ ഉള്ള പ്രദേശമാണ് തവിഞ്ഞാല്‍ പഞ്ചായത്ത്. സാധാരണ കാലാവസ്ഥയില്‍ പൂക്കള്‍ വിരിഞ്ഞു കായ ഉണ്ടാകുന്ന സമയത്താണ് കനത്തമഴ പ്രദേശത്ത് ലഭിച്ചത്. ഇതേത്തുടര്‍ന്ന് പൂക്കള്‍ കൊഴിയുകയും തടങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് പന്തലില്‍ കയറേണ്ട പാവല്‍ തലകള്‍ ഒടിഞ്ഞു പോവുകയാണ് ചെയ്യുന്നത്.
100 ഗ്രാം ഹൈബ്രിഡ് പാവയ്ക്ക വിത്തിന് 1000 മുതല്‍ 1200 രൂപ വരെ മുടക്കിയാണ് കര്‍ഷകര്‍ കൃഷി ആരംഭിക്കുന്നത്. ഒരേക്കറോളം വയല്‍ പാകമാക്കി കയറുകെട്ടി വള്ളികള്‍ പന്തലില്‍ കയറാന്‍ തുടങ്ങുന്നതുവരെ ഏകദേശം എഴുപത്തി അയ്യായിരത്തോളം രൂപ ചെലവ് വരും. ഡിസംബര്‍, ജനുവരി മാസത്തോടെ വിളവെടുത്ത് ആരംഭിക്കാമെന്ന പ്രതീക്ഷയായിരുന്നു കര്‍ഷകര്‍ക്ക്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്.
വിത്ത് നട്ട് ആദ്യം ഉണ്ടാകുന്ന പൂക്കളിലാണ് നന്നായി പാവല്‍ ഉണ്ടാകുന്നത്. ഇവയാണ് കനത്ത മഴയില്‍ പൊഴിഞ്ഞു പോകുന്നത്. വരുംദിവസങ്ങളിലും നല്ല വെയില്‍ ലഭിച്ചാല്‍ മാത്രമേ ഇനിയും കായ് പിടിക്കാന്‍ സാധ്യതയുള്ളൂ. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കായീച്ചകള്‍ പെരുകാനും ഉണ്ടായിട്ടുള്ള പാവക്ക ഇവരുടെ ആക്രമണത്തില്‍ കേടു വരാനും ഇടയാക്കും. ചില തോട്ടങ്ങളില്‍ ഇപ്പോള്‍ മഞ്ഞളിപ്പും ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തില്‍ ഹ്രസ്വകാല വിളയില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുന്ന കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അധികം ബാധ്യതകളാണ് വരുത്തിവെക്കുന്നത്.