കെഎസ്ആര്‍ടിസിയെ മികവുറ്റതാക്കാന്‍ പ്രോഫഷണല്‍ സംഘം

0

കെഎസ്ആര്‍ടിസിയെ മികവുറ്റതാക്കാനും സര്‍വീസുകള്‍ മെച്ചപ്പെടുത്താനും ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ടുമായി ധാരണ. ഒപ്പം ട്രെയിന്‍ യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍വീസുകള്‍ക്കു സമയകൃത്യത വരുത്താനും പദ്ധതി.നോണ്‍ സ്റ്റോപ്പ് സര്‍വീസുകളും ആരംഭിക്കുന്നു.തിരക്കേറിയ നഗരങ്ങളിലെ ഡിപ്പോകളില്‍ കയറാതെ ബൈപാസ് വഴി മാത്രം യാത്ര ചെയ്യുന്ന ബസുകള്‍ക്ക് പുറമേ നോണ്‍ സ്റ്റോപ് ബൈപാസ് റൈഡര്‍ സര്‍വീസുകളും ആരംഭിക്കാന്‍ സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി.

ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പൊതുഗതാഗതം ഏകോപിപ്പിക്കുന്ന പ്രത്യേക ദൗത്യ കമ്പനിയാണു ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം. ഡല്‍ഹിയില്‍ 3500 സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്തു സര്‍വീസ് നടത്തുന്നുണ്ട്. ട്രാഫിക്, സര്‍വീസ് ഓപ്പറേഷന്‍, ഐടി, ഡേറ്റ അനലിസ്റ്റ് മേഖലയില്‍ 20 വര്‍ഷത്തിലേറെ പരിചയമുള്ള 4 പേരെ കെഎസ്ആര്‍ടിസിയില്‍ ഈ കമ്പനി നിയോഗിക്കും. 15 ലക്ഷം രൂപയായിരിക്കും ഇവര്‍ക്കു 4 പേര്‍ക്കുമായി പ്രതിമാസ വേതനം. ദൈനംദിന ഓപ്പറേഷന്‍ ഇവരുടെ മേല്‍നോട്ടത്തില്‍ നടക്കും. ഒപ്പം വിദഗ്ധ സംഘത്തെ കെഎസ്ആര്‍ടിസിയില്‍ നിന്നു കണ്ടെത്തി പരിശീലനവും നല്‍കാനാണു പദ്ധതി. കൂടാതെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഇന്റേണല്‍ ഓഡിറ്റര്‍, കോസ്റ്റ് അക്കൗണ്ടന്റ് തസ്തികകളിലും ആളെ നിയമിക്കും. കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് പ്രഫഷനല്‍ മികവുള്ളവരെ നിയോഗിക്കണമെന്ന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി പലതവണ ഈ മേഖലയിലെ വിദഗ്ധര്‍ക്കു വേണ്ടി അപേക്ഷ ക്ഷണിച്ചെങ്കിലും ആളെ കിട്ടിയില്ല. തുടര്‍ന്നാണ് ഇപ്പോഴത്തെ നീക്കം.

നോണ്‍ സ്റ്റോപ്പ് സര്‍വീസുകളും

തിരക്കേറിയ നഗരങ്ങളിലെ ഡിപ്പോകളില്‍ കയറാതെ ബൈപാസ് വഴി മാത്രം യാത്ര ചെയ്യുന്ന ബസുകള്‍ക്ക് പുറമേ നോണ്‍ സ്റ്റോപ് ബൈപാസ് റൈഡര്‍ സര്‍വീസുകളും ആരംഭിക്കാന്‍ സിഎംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. ബൈപാസ് റൈഡറുകളില്‍ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് ടിക്കറ്റെടുത്ത 40 പേരെങ്കിലും ഉണ്ടെങ്കില്‍ ഇടയ്ക്ക് ഒരിടത്തും നിര്‍ത്താതെ യാത്രക്കാരെ അതിവേഗം എറണാകുളത്തെത്തിക്കും. തിരുവനന്തപുരം എറണാകുളം 2 മണിക്കൂറും കോഴിക്കോട് സര്‍വീസില്‍ മൂന്നര മണിക്കൂറും ഇങ്ങനെ ലാഭിക്കാനാകുമെന്നാണു കണക്കുകൂട്ടല്‍. ലോഫ്‌ലോര്‍ എസി, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളാണ് ഇതിനുപയോഗിക്കുക. ഡിസംബര്‍ 15 ന് ബൈപാസ് സര്‍വീസുകള്‍ ആരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!