നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയില്‍. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്‍റെ ചിത്രീകരണ സ്ഥലത്ത് നിന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പത്ത് ദിവസം വിശ്രമത്തില്‍ തുടരണമെന്ന് താരത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് താരം രോഗബാധിതനാകുന്നത്. തൃശ്ശൂര്‍,വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലേക്കാണ് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റകൊമ്പന്‍, നിധിന്‍ രണ്‍ജി പണിക്കരുടെ കാവല്‍ എന്നീ സിനിമകളും തെരഞ്ഞെടുപ്പ് ചൂടിനിടെ സുരേഷ് ഗോപിക്ക് പൂര്‍ത്തിയാക്കാനുണ്ട്.