ബി ദി വാറിയര്‍’ ക്യാമ്പയിന് ജില്ലയിലും തുടക്കം

0

ആരോഗ്യവകുപ്പ് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന ‘ബി ദി വാറിയര്‍’ കോവിഡ് ബോധവല്‍ക്കരണ ക്യാമ്പയിന് ജില്ലയിലും തുടക്കമായി. സംസ്ഥാനതല ക്യാമ്പയിന്‍ പ്രഖ്യാപനം ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനന്‍ ലോഗോ ഏറ്റുവാങ്ങി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘മൂന്നാം തരംഗത്തിന്റെ മുനയൊടിക്കാം’ എന്ന ആപ്തവാക്യത്തോടെ നടന്നുവരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ തുടര്‍ച്ചയാണ് ‘ബി ദി വാറിയര്‍’ ക്യാമ്പയിന്‍.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയന്‍, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. അംജിത് രാജീവന്‍, ആരോഗ്യകേരളം ജില്ലാ അക്കൗണ്ട്സ് ഓഫിസര്‍ എം.എസ് സന്ദീപ്, സജേഷ് ഏലിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

‘യഥാസമയം വാക്സിന്‍ സ്വീകരിച്ചുകൊണ്ട്, എസ്.എം.എസ്. (സോപ്പ്/സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം) കൃത്യമായി പാലിച്ചുകൊണ്ട്, ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറിക്കൊണ്ട് കോവിഡിനെതിരായ പോരാട്ടത്തില്‍ യോദ്ധാവാകൂ’ എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.
മൂന്നാംതരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷന്‍ ഊര്‍ജിതമാക്കുകയുമാണ് പ്രധാന ലക്ഷ്യങ്ങള്‍. കേരളം ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി രോഗബാധ ജനസംഖ്യയുടെ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ലഭിക്കുന്ന മുറയ്ക്ക് അതിവേഗം വാക്സിന്‍ നല്‍കിവരുന്നു. എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പുരോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നതു തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനും ‘ബി ദി വാറിയര്‍’ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!