സുല്‍ത്താന്‍ ബത്തേരി: സ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഗോത്ര വിഭാഗത്തിലെ ഭിന്നശേഷി ക്കാര്‍ക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജും, സംസ്ഥാന നിയമ സേവന സമിതി ചെയര്‍മാനുമായ കെ. വിനോദ് ചന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജില്ലയില്‍ 100 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി സഹായ ഉപകരണങ്ങള്‍ ലഭിച്ചത്. ഇവര്‍ക്ക് ഉപകരണങ്ങള്‍ വീടുകളിലെത്തിച്ചാണ് നല്‍കുന്നതിനായുള്ള വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ജില്ലാ ജഡ്ജും ഡി.എല്‍.എസ്.എ ചെയര്‍മാനുമായ എ. ഹാരിസ് നിര്‍വ്വഹിച്ചു.
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റീജിയണല്‍ കോംപോസിറ്റ് സെന്ററും ചേര്‍ന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്പര്‍ശം.
സുല്‍ത്താന്‍ ബത്തേരി ലയണ്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിയമ പ്രവേശന പരീക്ഷകള്‍ വിജയിച്ച ആറ് വിദ്യാര്‍ത്ഥികളെ ആദരിക്കുകയും അവര്‍ക്ക് ലാപ്ടോപ് നല്‍കുകയും ചെയ്തു. ദേശീയ സിവില്‍ സര്‍വ്വീസ് കായിക മേളയില്‍ വെള്ളി മെഡല്‍ നേടിയ കെ.എ. അബ്ദുള്‍ റഷീദ്, കേരള സീനിയര്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സജ്‌ന സജീവന്‍ എന്നിവരെയും ആദരിച്ചു.
ഇതോടൊപ്പം ഗോത്ര വിഭാഗത്തിലെ കുടുംബങ്ങള്‍ക്കുള്ള കൈവശാവകാശ രേഖയുടെ വിതരണവും നടന്നു. ഭൂമി കൃത്യമായി കണ്ടു പിടിക്കാന്‍ സാധിക്കാത്തതിനാല്‍ പട്ടയം ലഭിച്ചിട്ടും കൈവശാവകാശ രേഖ ലഭിക്കാന്‍ വൈകിയ കുടുംബങ്ങള്‍ക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ഇടപെട്ട് രേഖ ലഭ്യമാക്കിയത്.
ജില്ലാ ജഡ്ജും സംസ്ഥാന നിയമ സേവന സമിതി മെമ്പര്‍ സെക്രട്ടറിയുമായ കെ.ടി. നിസ്സാര്‍ അഹമ്മദ്, സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) പി.ടി. ജാഫര്‍ അലി, ഡി.എല്‍.എസ്.എ സെക്രട്ടറി കെ. രാജേഷ്, സുപ്രീം കോടതി അഡ്വക്കേറ്റ്മാരായ ഡോ. പോള്‍ ജോര്‍ജ് ഗിരി, ജാസ്മിന്‍ കുര്യന്‍ ഗിരി, ഐ.ടി.ഡി.പി കോര്‍ഡിനേറ്റര്‍ കെ.സി. ചെറിയാന്‍, കേരള സി.ആര്‍.സിയെ പ്രതിനിധീകരിച്ച് പി.വി. ഗോപിരാജ്, അഡ്വ. അജി മാത്യൂ, അഡ്വ. ടി.വി. ബാബു തുടങ്ങിയവര്‍ സന്നിഹിത രായിരുന്നു.