നിപ്പയെ പിടിച്ചുകെട്ടുന്നതില്‍ അടുത്ത രണ്ടാഴ്ച അതീവ നിര്‍ണായകം. മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഓരോരുത്തരെയും കണ്ടെത്തുകയും നിരീക്ഷണത്തില്‍ വയ്ക്കുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ആരംഭിക്കുകയുമാണു പ്രധാനം.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം 3 പ്രധാന കാര്യങ്ങളാണ് ആരോഗ്യവകുപ്പിനോടു നിര്‍ദേശിച്ചിട്ടുള്ളത്. പരമാവധി സമ്പര്‍ക്കം കണ്ടെത്തല്‍, ഐസലേഷന്‍ കൃത്യമായി പാലിക്കല്‍, നിയന്ത്രണങ്ങള്‍ നടപ്പാക്കല്‍. ഇതു മൂന്നും കൃത്യമായി നടത്തിയാല്‍ 2 ആഴ്ച കൊണ്ട് ആശങ്ക നീങ്ങുമെന്നാണു വിലയിരുത്തല്‍.
1. സമ്പര്‍ക്കം കണ്ടെത്തല്‍
രണ്ടു ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ പരമാവധി കണ്ടെത്തണം. 500 പേരെങ്കിലും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു നിഗമനം. സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയും തയാറാക്കണം. ഓരോരുത്തരുടെയും കൃത്യമായ പേരു വിവരങ്ങളും ഒരാഴ്ചത്തെ സഞ്ചാരപാതയും ആരോഗ്യ ലക്ഷണങ്ങളും രേഖപ്പെടുത്തണം. കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ ഇതു പുരോഗമിക്കുന്നു. ആദ്യ ദിവസം 188 പേരുടെ സമ്പര്‍ക്കം കണ്ടെത്തിയ ആരോഗ്യ വകുപ്പ് രണ്ടാം ദിവസം 63 പേരെ കൂടി കണ്ടെത്തി. ഇവരില്‍ നേരിയ ലക്ഷണങ്ങള്‍ ഉള്ളവരെ പോലും ചികിത്സിക്കാന്‍ മാറ്റിയിട്ടുണ്ട്.
2. ഐസലേഷന്‍
സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള പരമാവധി പേരെ മെഡിക്കല്‍ കോളജിലെ നിരീക്ഷണ സംവിധാനത്തിലേക്കു മാറ്റും. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കു പോലും ചികിത്സ വേഗത്തിലാക്കാന്‍ ഇതു സഹായിക്കും. ലക്ഷണങ്ങള്‍ കണ്ടെത്തിയ 10 പേര്‍ക്കുള്ള ചികിത്സ ആരംഭിച്ചു. മോണോക്ലോണല്‍ ആന്റിബോഡി എന്ന പ്രതിരോധ മരുന്ന് കൂടുതല്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
3. കണ്ടെയ്ന്‍മെന്റ്
മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന 3 കിലോമീറ്റര്‍ ചുറ്റളവില്‍ ആരെയും വാര്‍ഡ് വിട്ടു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. വാര്‍ഡില്‍ നിന്നു പുറത്തേക്കോ അകത്തേക്കോ പ്രവേശനമുണ്ടാകില്ല. ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായും സമീപ പഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളും ഇത്തരത്തില്‍ പൂട്ടിയിരിക്കുകയാണ്. ആകെ 625 വീടുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഇപ്പോഴുള്ളത്. 25 വീതം വീടുകളായി തിരിച്ച് ആരോഗ്യവകുപ്പിന്റെ സംഘം പരിശോധനകള്‍ ഇന്ന് ആരംഭിക്കും. ഓരോ വീട്ടിലെയും അംഗങ്ങളെ ശരീര ഊഷ്മാവ് പരിശോധിക്കല്‍, സംശയം തോന്നിയാല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തല്‍ എന്നിവയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
മരിച്ച മുഹമ്മദ് ഹാഷിം അല്ലാതെ മറ്റാര്‍ക്കെങ്കിലും നിപ്പ വന്നിരുന്നോ എന്നുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 16 കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. വിവിധ കമ്മിറ്റികള്‍ ഇന്നലെ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.