കോവിഡ് മരണസർട്ടിഫിക്കറ്റ്: നടപടിക്രമങ്ങൾ ലളിതമാക്കി- ഡി.എം.ഒ

0

കോവിഡ് മരണസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഡി.എം.ഒ അറിയിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഐസിഎംആർ അംഗീകരിച്ച മരണസർട്ടിഫിക്കറ്റ് തൊട്ടടുത്ത സർക്കാർ ആശുപത്രി/ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലൂടെ ലഭിക്കും. സർട്ടിഫിക്കറ്റ് ലഭ്യമാണോ എന്ന് https://covid19.kerala.gov.in/deathinfo പരിശോധിക്കാം. ലഭ്യമല്ലെങ്കിൽ ഇതേ വെബ്സൈറ്റിൽ ‘appeal request’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അപ്പീൽ സമർപ്പിക്കാം.

മരണമടഞ്ഞ വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളിൽ ഒരാളായിരിക്കണം അപ്പീൽ സമർപ്പിക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിച്ച മരണസർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപ്പീൽ സമർപ്പിക്കുന്ന വ്യക്തി സ്വന്തം ഫോൺ നമ്പർ നൽകണം. തുടർന്ന് ലഭിക്കുന്ന ഒടിപി തിരികെ നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കിയശേഷം മരണമടഞ്ഞ വ്യക്തിയെ സംബന്ധിച്ചു താഴെ പറയുന്ന വിവരങ്ങൾ ക്രമാനുഗതമായി നൽകണം.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച മരണസർട്ടിഫിക്കറ്റ് നമ്പർ, മരണ സർട്ടിഫിക്കറ്റിലേതു പോലെ പേര്, വയസ്സ്, ലിംഗം, പിതാവിന്റെ/മാതാവിന്റെ/ ഭർത്താവിന്റെ പേര്, ആശുപത്രിയിൽ നൽകിയ ഫോൺ നമ്പർ, സ്ഥിരമായ മേൽവിലാസം, ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, മരണ തീയതി, മരണസ്ഥലം, മരണം നടന്ന ജില്ല, മരണ സർട്ടിഫിക്കറ്റ് നൽകിയ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രിയുടെ പേര്, മരണസർട്ടിഫിക്കറ്റ്, മറ്റ് ആശുപത്രി രേഖകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

അപ്പീൽ സമർപ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും നൽകണം. തുടർന്ന് അപ്പീൽ വിജയകരമായി സമർപ്പിച്ചു എന്ന സന്ദേശം ലഭിക്കും. അപേക്ഷകന്റെ ഫോണിലേക്ക് ഒരു ആപ്ലിക്കേഷൻ നമ്പറും ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് അപ്പീൽ അപേക്ഷയുടെ പുരോഗതി അറിയാനും കഴിയും. സമർപ്പിച്ച അപ്പീൽ, രേഖകളിലെ കൂട്ടിച്ചേർക്കലിനായി ആദ്യം മരണം നടന്ന ആശുപത്രിയിലേക്ക് അയക്കും.

തുടർന്ന് ജില്ലാതല കോവിഡ് മരണ പരിശോധനാ സമിതി ഈ അപ്പീൽ അപേക്ഷയിൽ തീരുമാനമെടുക്കും. വിവരം അപേക്ഷകന് ഫോണിൽ സന്ദേശമായി നൽകും. തുടർന്ന് പുതിയ സർട്ടിഫിക്കറ്റ് അപ്പീൽ നൽകിയ വ്യക്തിക്ക് ആരോഗ്യ സ്ഥാപനത്തിൽ നിന്നു കൈപ്പറ്റാം. അക്ഷയകേന്ദ്രം വഴിയും സേവനം ലഭ്യമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!