തെരഞ്ഞെടുപ്പ് നടത്തുക രണ്ട് ഘട്ടങ്ങളിലായി. പുതിയ ഭരണ സമിതികള്‍ ജനുവരി ഒന്നിന് അധികാരത്തില്‍. അടുത്ത ബുധനാഴ്ച മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ ഭരണത്തിലേക്ക്.സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
രണ്ടു ഘട്ടങ്ങളിലായിട്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഒന്നിടവിട്ട ജില്ലകളില്‍ ആയി ആദ്യം ഏഴു ജില്ലകളിലും രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബാക്കി ഏഴു ജില്ലകളിലും തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്റെ പ്ലാന്‍. ഡിസംബര്‍ ഏഴ്, 10 തീയതികളാണ് പോളിങ്ങിനായി കമ്മീഷന്‍ പരിഗണിക്കുന്നത്.
നേരത്തെ പോലീസ് മേധാവിയുമായും ജില്ലാ കളക്ടര്‍മാരുമായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്നും സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
കോവിഡിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ തലേദിവസം കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ടുചെയ്യാം. പോളിങ് ബൂത്തുകളില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണമെന്നും നിര്‍ബന്ധമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ തന്നെ കമ്മീഷന്‍ പുറത്തിറക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ പരിശീലനവും പൂര്‍ത്തിയായി. രണ്ടുലക്ഷത്തോളം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ പങ്കാളിയാകുന്നത്.