ഗോത്രമേഖലകളില്‍ പുതിയ വായനശാലകള്‍ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി ‘ബുക്സ് ഓണ്‍ വീല്‍സ്’ പുസ്തക വണ്ടി ബുധനാഴ്ച്ച (ഡിസംബര്‍ 8) വയനാട്ടിലെത്തും. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗോത്രമേഖലകളില്‍ ആരംഭിക്കുന്ന നൂറോളം വായനശാല കളിലേക്കുളള പുസ്തകങ്ങളുമായാണ് പുസ്തക വണ്ടി ചുരം കയറിയെത്തുന്നത്. ആദ്യഘട്ടത്തില്‍ ഇരുപത്തഞ്ചോളം ലൈബ്രറികളാണ് ജില്ല യില്‍ ആരംഭിക്കുന്നത്.
സെല്‍ഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് പദ്ധതിയിലേക്കുളള പുസ്തകങ്ങളുമായി എത്തുന്നത്. തിരുവനന്തപുരത്ത് നിന്നും ഡിസംബര്‍ 7 ന് ഫ്ലാഗ് ഓഫ് ചെയ്യപ്പെടുന്ന പുസ്തകവണ്ടി വിവിധ ജില്ലകളിലെ കളക്ഷന്‍ സെന്ററുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് വയനാട്ടിലെത്തുമ്പോള്‍ മാനന്തവാടി കുരിശിങ്കലില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സ്വീകരണം നല്‍കും. ഇതോടൊപ്പം ഈ പദ്ധതിയിലെ ആദ്യ ലൈബ്രറിയായ എസ്.ഐ.എച്ച് ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും. കമ്മന കുരിശിങ്കല്‍ കോളനിയിലെ മുതിര്‍ന്ന അംഗമായ കുറുമന്‍ ലൈബ്രറി ഉദ്ഘാടനം ചെയ്യും.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. എസ്.ഐ.എച്ച്. ഡയറക്ടര്‍ ആന്റോ മൈക്കിളില്‍ നിന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ടി.ബി.സുരേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയുമായി മൂന്ന് വായനശാലകള്‍ കൂടി ഉദ്ഘാടനം ചെയ്യും . അമ്മായിപ്പാലത്ത് ആരംഭിക്കുന്ന പോസിറ്റീവ് കമ്മ്യൂണ്‍ ലൈബ്രറിയുടെ ഉദ്ഘാടനം പോസിറ്റീവ് കമ്മ്യൂണിന്റെ മെന്റര്‍ കെ.പി.രവീന്ദ്രനും കൊട്ടനോട് ആരംഭിക്കുന്ന പൊന്നൂസ് ട്രൈബല്‍ ലൈബ്രറിയുടെ ഉദ്ഘാടനം എസ്.ഐ.എച്ച്. ഡയറക്ടര്‍ ആന്റോ മൈക്കിളും അപ്പാട് ആരംഭിക്കുന്ന പഞ്ചമി ട്രൈബല്‍ ലൈബ്രറിയുടെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാരും നിര്‍വ്വഹിക്കും.
നൂറ് വായനശാലകള്‍ ആരംഭിക്കുന്നതിനുള്ള ഒരു ലക്ഷം പുസ്തകങ്ങള്‍ സമാഹരിക്കാനാണ് സെല്‍ഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് ലക്ഷ്യമിടുന്നത്. വയനാടിന്റെ ഗോത്രമേഖലകളില്‍ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും പുതിയ വഴികള്‍ തുറക്കാന്‍ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷ. വൈവിധ്യമാര്‍ന്ന മന:ശാസ്ത്രവിഷയങ്ങളില്‍ ചര്‍ച്ചകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്ന സഹൃദയരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് സെല്‍ഫ് ഇംപ്രൂവ്മെന്റ് ഹബ്ബ്.