തിരുവനന്തപുരം: രാജ്യത്ത് ഊര്‍ജ പ്രതിസന്ധി എന്ന റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പറത്തു കേട്ടിരുന്നത്. കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിലും ഇത്തരത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനിന്നിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്ത ശക്തമായ മഴ കാരണം വൈദ്യുതി പ്രതിസന്ധിയ്ക്ക് അയവുവരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഈ മാസം 19ന് ശേഷവും ലോഡ് ഷെഡിങ് വേണ്ടിവരില്ല. കല്‍ക്കരി ക്ഷാമം നീണ്ടു പോവുകയും വാങ്ങുന്ന വൈദ്യുതിയില്‍ പ്രതിദിനം 400 മെഗാവാട്ട് കുറവ് ഉണ്ടാകുകയും ചെയ്താല്‍ ഈ മാസം 19ന് ശേഷം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനായിരുന്നു നീക്കം.
എന്നാല്‍ കാലാവസ്ഥ മാറി ചൂട് കുറഞ്ഞതോടെ ജനങ്ങളുടെ വൈദ്യുത ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ ബോര്‍ഡിന് ലഭിച്ചിരിക്കുന്ന കാലാവസ്ഥാ പ്രവചനപ്രകാരം 19ന് ശേഷം മഴ തുടരുമെന്ന മുന്നറിയിപ്പ് ഇല്ല. എന്നാല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന വിലയിരുത്തല്‍ കാര്യങ്ങള്‍ അനുകൂലമാക്കാമെന്നാണ് ബോര്‍ഡ് കണക്ക് കൂട്ടല്‍.