ലഹരിക്കടത്തിലെ ഇടനിലക്കാരനെ പൊക്കി പോലീസ്

0

കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരിലെ പ്രധാനിയായ ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാറാണ് (28) പിടിയിലായത്. തിരുനെല്ലി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് മാനന്തവാടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2024 ജൂലൈ മാസത്തിന്‍ 265.55 ഗ്രാം മെത്തഫിറ്റമിനുമായി കാസര്‍ഗോഡ് പുല്ലൂര്‍ പാറപ്പള്ളിവീട്ടില്‍ കെ. മുഹമ്മദ് സാബിര്‍ (31)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടി കൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തില്‍ കര്‍ണാടകയില്‍ വച്ച് സാബിറിനു മെത്തഫിറ്റാമിന്‍ കൈമാറിയത് ഇടനിലക്കാരനായ രവീഷ് ആണെന്ന് മനസ്സിലാക്കുകയും ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് സംഘം അതി വിദഗ്ദമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന ഇയാള്‍ ആ ജോലി ഉപേക്ഷിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് വളരെ വേഗത്തില്‍ പണമുണ്ടാക്കുന്നതിനായി ലഹരിക്കടത്ത് തുടങ്ങുകയായിരുന്നു. കര്‍ണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വ്യാപകമായി ലഹരിക്കടത്തിലേര്‍പ്പെട്ടിരുന്ന ഇയാള്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്,മലയാളം എന്നീ ഭാഷകളിലുള്ള പ്രവീണ്യവും, വാക്ചാതുര്യവും കൊണ്ട് ലഹരിക്കടത്തിലെ ഇടനിലക്കാരില്‍ വളരെ പെട്ടെന്ന് പ്രധാനിയായി മാറുകയായിരുന്നു. ലഹരി സംഘങ്ങള്‍ക്കിടയില്‍ ഡ്രോപ്പെഷ് , ഒറ്റന്‍ എന്നീ പെരുകളില്‍ രവീഷ് അറിയപ്പെട്ടു തുടങ്ങി. ഇയാളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്.

തന്റെ കൈവശം ഉള്ള മയക്കുമരുന്നുകള്‍ സൂക്ഷിക്കാനും,കൈമാറ്റം ചെയ്യുന്നതിനും നൂതന മാര്‍ഗങ്ങളാണ് ഇയാള്‍ സ്വീകരിച്ചു വന്നിരുന്നത്. ഇതിന് മുമ്പ് എം.ഡി.എം.എ കേസില്‍ മടിക്കേരി ജയിലില്‍ കഴിഞ്ഞ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് കൊണ്ടാണ് വീണ്ടും ലഹരിക്കടത്തിലേക്കിറങ്ങിയത്. തിരുനെല്ലി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ലാല്‍ സി ബേബി, എ എസ് ഐ മെര്‍വിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ആര്‍ രാഗേഷ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!