ഇന്നലെ രാത്രി മേപ്പാടി പൂളക്കുന്ന് ഊരില്‍ കാട്ടാന കൊലപ്പെടുത്തിയ അറുമുഖന്‍ ആണ് ഏറ്റവും ഒടുവിലെ ഇര. വന്യജീവികളാല്‍ കൊല്ലപ്പെട്ട പത്തില്‍ 9 പേരെയും കാട്ടാനയാണ് ആക്രമിച്ചത്.
ജനുവരി എട്ടിന് രാത്രി പാതിരി റിസര്‍വ് വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടതാണ് ഈ വര്‍ഷത്തെ ആദ്യ വന്യജീവി ആക്രമണം. ഫെബ്രുവരി 11നാണ് മേപ്പാടി ഏറാട്ടുകുണ്ട് ഊരിലെ ബാലകൃഷ്ണന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനുവരി 24ന് കടുവയുടെ ആക്രമണത്തില്‍ മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനി രാധയും ഫെബ്രുവരി 10ന് നൂല്‍പ്പുഴ സ്വദേശി മാനു കാട്ടാനയുടെ ആക്രമണത്തിനും കൊല്ലപ്പെട്ടു. 2024 ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ധ പടമല പനച്ചിയില്‍ ആണ് അജീഷാണ് കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം ആദ്യം കൊല്ലപ്പെട്ടത്. ഫെബ്രുവരി 16ന് പാക്കം വെള്ളച്ചാലില്‍ പോളും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 28ന് വടുവഞ്ചാലിനു സമീപം പരപ്പന്‍പാറ ഗോത്ര ഊരിലെ സുരേഷിന്റെ ഭാര്യ മിനിയും, ജൂലൈ 16ന് കല്ലുമുക്കില്‍ മാറോട് കോളനിയിലെ രാജുവും, നവംബര്‍ മൂന്നിന് കര്‍ണാടക വനംവകുപ്പ് താല്‍ക്കാലിക വാച്ചറും ബേഗൂര്‍ സ്വദേശിയുമായ ശശാങ്കനും കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായി. ഇത്രയേറെ മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടും വന്യജീവിശല്യത്തിന് പരിഹാരം കാണാന്‍ ഈ നാട്ടിലെ സര്‍ക്കാരിനും വനംവകുപ്പിനും സാധിച്ചിട്ടില്ലെന്നാണ് ആക്ഷേപം.