സുല്‍ത്താന്‍ ബത്തേരി: സ്വന്തമായി സ്ഥലമുണ്ടായിട്ടും ബത്തേരി ഹെഡ്പോസ്റ്റ് ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. റഹീം മെമ്മോറിയല്‍ റോഡില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം കാടുമൂടി കിടക്കുമ്പോഴാണ് മാസ വാടക നല്‍കി പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ച് പോസ്റ്റ് ഓഫീസ് മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.
അസംപ്ഷന്‍ ജംഗ്ഷന് സമീപമാണ് നിലവില്‍ ഓഫീസ് പ്രവര്‍ത്തനം. കെട്ടിടഉടമയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഓഫീസ് മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. പൊലിസ് സ്റ്റേഷന്‍ റോഡിലുള്ള ബിഎസ്എന്‍എല്‍ ഓഫീസ് കെട്ടിടത്തിലേക്കാണ് വീണ്ടും വാടക നല്‍കി ഓഫീസ് പ്രവര്‍ത്തനം മാറാനൊരുങ്ങുന്നത്.
നിലവില്‍ ബത്തേരി ടൗണിന്റെ ഹൃദയഭാഗത്ത് റഹീംമെമ്മോറിയല്‍ പാതയോരത്ത് മുക്കാല്‍ ഏക്കര്‍ സ്ഥലം ഡിപ്പാര്‍ട്ട്മെന്റിന് സ്വന്തമായുണ്ട്. എന്നാല്‍ ഈ ഭൂമി ഇപ്പോള്‍ കാടുമൂടി കിടക്കുകയാണ്. ഈ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിച്ച് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ഇവിടേക്ക് മാറ്റിയാല്‍ ഡിപ്പാര്‍ട്ട്മെന്റിനും ജനങ്ങള്‍ക്കും വളരെയേറെ ഗുണം ചെയ്യുമെന്നാണ് പൊതുജനാഭിപ്രായം.