അമ്പലവയല്‍ ആയിരംകൊല്ലി കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. തന്റെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി കൊല്ലിച്ചതെന്ന ആരോപണവുമായി കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന. പെണ്‍ക്കുട്ടികള്‍ക്ക് മാത്രം ഇങ്ങനെ ഒരു കാര്യം ചെയ്യാനാവില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ രോഗിയാണെന്നും അതുകൊണ്ട് തന്നെ ഇവര്‍ തനിച്ചാണ് ഇത് ചെയ്തതെന്ന് പറയുന്നത് നുണയാണെന്നും സക്കീന പറയുന്നു.
അറുപത്തെട്ടുകാരനെ അമ്മയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന നാടിനെ നടുക്കിയ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തു വന്നത്. വീടിനു സമീപത്തെ കുഴിയില്‍ ചാക്കില്‍ക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മുറിച്ചുമാറ്റിയ കാലിന്റെ ഭാഗം മൂന്നുകിലോമീറ്റര്‍ മാറി അമ്പലവയല്‍ ടൗണില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും പതിനഞ്ചും പതിനേഴും വയസുളള രണ്ടുമക്കളും അമ്പലവയല്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. അമ്മയെ ഉപദ്രവിക്കുന്നതുകണ്ട കുട്ടികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചാക്കില്‍ കെട്ടിയ മൃതദേഹം ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ കുഴിയിലാണ് കൊണ്ടിട്ടത്.
ഇതിനുശേഷം കുട്ടികള്‍ അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. സ്ഥലത്ത് ഉന്നത പോലീസുദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വലതുകാല്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കാലിന്റെ ഭാഗം അമ്പവലയല്‍ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷത്തോളമായി ആയിരംകൊല്ലി പ്രദേശത്ത് താമസിക്കുന്ന ഇയാളും കുടുംബവും സമീപവാസികളുമായി അത്ര അടുപ്പത്തിലല്ലായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.