മുട്ടില്‍ മരംമുറിക്കേസില്‍ കണ്ടുകെട്ടിയ മരങ്ങള്‍ ലേലം വിളിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. സൗത്ത് വയനാട് ഡിഎഫ്ഒ നല്‍കിയ ഹര്‍ജിയാണ് കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുക. 104 മരത്തടികളാണ് വനംവകുപ്പിന്റെ ഡിപ്പോയിലുള്ളത്.മഴയും വെയിലുമൊക്കെ കൊണ്ട് മരങ്ങള്‍ക്ക് കേടുപറ്റുന്ന സാഹചര്യത്തിലാണ് സൗത്ത് വയനാട് ഡിഎഫ്ഒ തടികള്‍ ലേലം ചെയ്യാന്‍ അനുമതി തേടിയത്.
നിലവില്‍ വനംവകുപ്പിന്റെ കുപ്പാടി ടിമ്പര്‍ ഡിപ്പോയിലാണ് 104 മരത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തടികള്‍ സംരക്ഷിക്കേണ്ട മാനദണ്ഡങ്ങള്‍ ഉള്‍പ്പടെ വ്യക്തമാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്. മണ്ണില്‍ നിന്ന് ഉയര്‍ത്തി, മഴയും വെയിലും ഈര്‍പ്പവുമേല്‍ക്കാത്ത തരത്തില്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ വേണം തടി സംരക്ഷിക്കാനെന്നാണ് കോടതി ഉത്തരവ്. എന്നാല്‍ കേസിന്റെ ആരംഭം മുതല്‍ വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ മഴയും വെയിലുമേറ്റ് കിടക്കുകയാണ് കോടികള്‍ വിലവരുന്ന ഈ തടികള്‍. ഈ സാഹചര്യത്തിലാണ് തടികള്‍ ലേലം ചെയ്യാന്‍ ഡി എഫ് ഓ അനുമതി തേടിയത്.പ്രതിഭാഗത്തിന്റെ വാദമാകും ഇന്ന് കോടതി കേള്‍ക്കുക. ജോസൂട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.