മലയാള സിനിമാ ലോകത്തെ അമ്മമുഖം, ഇന്ന് ആറന്മുള പൊന്നമ്മയുടെ ഓര്‍മദിനം

0

മലയാള സിനിമാ ലോകത്തെ അമ്മമുഖം, ആറന്‍മുള പൊന്നമ്മയുടെ ഓര്‍മ ദിനമാണിന്ന്. ആറ് പതിറ്റാണ്ടോളം അമ്മയായും മുത്തശ്ശിയായും ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്നു ആറന്‍മുള പൊന്നമ്മ. ഒട്ടേറെ നാടകങ്ങളിലും വേഷമിട്ടു.പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയില്‍ മാലേത്ത് വീട്ടില്‍ കേശവ പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും മകളായി 1914 മാര്‍ച്ച് 22 നാണ് ജനനം. സംഗീതപാരമ്പര്യമുള്ള കുടുംബം. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചു. 15 ആം വയസില്‍ സംഗീതാധ്യാപികയായി. പിന്നീട് 1945 ല്‍ നാടകത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി. ഗായകന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി 29 ആം വയസില്‍ ഭാഗ്യലക്ഷ്മി എന്ന നാടകത്തില്‍ അരങ്ങേറ്റം കുറിച്ചു. പ്രസന്ന, ഭാവന, ചേച്ചി, ജീവിതയാത്രം, രക്തബന്ധം തുടങ്ങിയവയാണ് ആറന്മുള പൊന്നമ്മ വേഷമിട്ട പ്രശസ്ത നാടകങ്ങള്‍.1950 ല്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ച് ശശിധരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ രംഗപ്രവേശം നേടി. തുടര്‍ന്ന് ഒട്ടേറെ അമ്മ വേഷങ്ങളിലൂടെ മലയാളി മനസുകളില്‍ അടംപിടിച്ചു. അഞ്ഞൂറോളം ചിത്രങ്ങളിലായി മലയാളം സിനിമയിലെ നാല് തലമുറകളുടെ അമ്മയായി. ആദ്യ തലമുറയിലെ നായകന്‍ തിക്കുറിശി സുകുമാരന്‍ നായര്‍, രണ്ടാം തലമുറ നായകരായം പ്രേം നസീര്‍, സത്യന്‍. മൂന്നാം തലമുറയിലെ മോഹന്‍ ലാല്‍, സുരേഷ് ഗോപി, എന്നിവരുടെയെല്ലാം അമ്മയായും അമ്മൂമ്മയായും വെള്ളിത്തിരയില്‍ തിളങ്ങി. 1970 ല്‍ പുറത്തിറങ്ങിയ എങ്കിരുന്തോ വന്താള്‍ എന്ന ചിത്രത്തില്‍ ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചു.1995 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2005 ല്‍ സമഗ്ര സംഭാവനയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ ആറന്മുള പൊന്നമ്മയെ തേടിയെത്തി. 2011 ഫെബ്രുവരി 21 ന് ആറന്മുള പൊന്നമ്മ വിടവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!