ജില്ലയിലെ അറിയിപ്പുകള്‍(03.06.2023)

0
 അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന എം.എസ്.സി ഫുഡ് ടെക്‌നോളജി ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.cfrdkerala.inwww.supplycokerala.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0468 2961144.

ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന രണ്ടു ലക്ഷം രൂപ പദ്ധതി തുകയുള്ള ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും (കൃഷി ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വായ്പാതുക 4 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

അധ്യാപക നിയമനം

കെല്ലൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.എ, ഫുള്‍ ടൈം അറബിക് എല്‍.പി അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 6 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തിച്ചേരണം. രാവിലെ 11 മുതല്‍ ഫുള്‍ ടൈം അറബിക് എല്‍.പി തസ്തികയിലും ഉച്ചയ്ക്ക് 2 മുതല്‍ എല്‍.പി.എസ്.എ തസ്തികയിലും കൂടിക്കാഴ്ച്ച നടക്കും. ഫോണ്‍: 04935 227038.

ദ്വിദിന പ്രദര്‍ശന, ബോധവത്കരണ പരിപാടി സമാപിച്ചു

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ വയനാട് ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന മിഷന്‍ ലൈഫ് ബോധവത്കരണ – പ്രദര്‍ശന പരിപാടികള്‍ സമാപിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിന്റെയും മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്റ്റിന്റെയും കുടുംബശ്രീ യുടെയും സഹകരണത്തോടെയാണ് പ്രദര്‍ശന – ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങളായി നടന്ന ബോധവത്കരണ പരിപാടിയില്‍ പ്രകൃതി സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, സ്ത്രീ സുരക്ഷ, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസുകള്‍ നടന്നു. അസാദി കാ അമൃത് മഹോത്സവ് പ്രദര്‍ശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു.

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ജൂണ്‍ 5 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും. സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീരസംഘങ്ങള്‍ മുഖേനയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍: 9074583866.

Leave A Reply

Your email address will not be published.

error: Content is protected !!