പ്രളയ- ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഇന്ന് മോക്ക്ഡ്രില്‍

0

കേരളത്തിലെ പ്രളയ- ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് മോക്ക് ഡ്രില്‍. കേരളത്തിലെ 14 ജില്ലകളിലും നടക്കുന്ന മോക്ക് ഡ്രില്ലില്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട മറ്റു വകുപ്പുകളും പങ്കെടുക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ പ്രളയ സാധ്യത മോക്ക്ഡ്രില്‍ ആണ് നടത്തുന്നത്. കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മോക്ക്ഡ്രില്ലുമാണ് ആസൂത്രണം ചെയ്യുന്നത്. തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ പ്രളയത്തോടൊപ്പം അണക്കെട്ടുകളില്‍ നിന്ന് അധിക ജലം ഒഴുക്കി വിടുന്ന സാഹചര്യം കൂടി ഉള്‍പ്പെടുത്തിയാണ് മോക്ക്ഡ്രില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രളയത്തില്‍ വ്യവസായ ശാലകളില്‍ നിന്നുള്ള വിഷപദാര്‍ത്ഥങ്ങള്‍ ലീക്ക് ചെയ്യുന്ന സാഹചര്യത്തെയും മോക്ക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ആശയ വിനിമയ ഉപാധികളുടെ കൃത്യമായ ഉപയോഗം, അപകട സ്ഥലത്ത് നടത്തുന്ന പ്രതികരണ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തപ്പെടും.

സംസ്ഥാനത്തെ 70 താലൂക്കുകളിലായി സാങ്കല്‍പ്പിക അപകട സാഹചര്യത്തെ സൃഷ്ടിച്ചു കൊണ്ടുള്ള പ്രതികരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള പ്രത്യേക നിരീക്ഷകന്‍ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇരുന്ന് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. വിവിധ കേന്ദ്ര സേനകളില്‍ നിന്നുള്ള പ്രതിനിധകള്‍ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും നിരീക്ഷകരായി ഉണ്ടാവും. വ്യോമസേനയുള്‍പ്പെടെയുള്ള കേന്ദ്ര രക്ഷാസേനകളുടെ രക്ഷാപ്രവര്‍ത്തനം, ആകാശമാര്‍ഗമുള്ള ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണവും എത്തിക്കുന്ന ‘എയര്‍ ഡ്രോപ്പിംഗ്’ തുടങ്ങിയ പ്രവര്‍ത്തനങ്ങളും മോക്ക്ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!