ജില്ലയിലെ അറിയിപ്പുകള്‍(01.02.2023)

0
സാക്ഷരത തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന സാക്ഷരത നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 15 വരെ ഫൈനില്ലാതെ രജിസ്‌ട്രേഷന്‍ നടത്താം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതക്ക് രജിസ്റ്റര്‍ ചെയ്യാം. 2019 വരെ എസ്.എസ്.എല്‍.സി എഴുതി ഉന്നത പഠനത്തിന് അര്‍ഹത നേടാന്‍ കഴിയാത്തവര്‍ക്ക് 2023 – 2024 അക്കാദമിക വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയാണ് പഠനത്തിനായി ചെലവ് വരുന്നത്.
പത്താം തരം വിജയിച്ച 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് രജിസ്റ്റര്‍ ചെയ്യാം. ഹയര്‍ സെക്കണ്ടറിക്ക് 2600 രൂപയാണ് ഫീസ്. പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ് ജെന്‍ഡര്‍മാര്‍ എന്നിവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പും ലഭിക്കും. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിജയികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടര്‍പഠന സ്‌കോളര്‍ഷിപ്പും നല്‍കും. തുടര്‍ പഠനത്തിനും, ജോലിക്കും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാം. വിശദവിവരങ്ങള്‍ക്ക് സാക്ഷരതാമിഷന്‍ ജില്ലാ ഓഫീസ്, തുടര്‍വിദ്യാ കേന്ദ്രം പ്രേരക്മാര്‍ എന്നിവരുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202091.

 കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം

കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ ജില്ലയില്‍ നിന്നും തെരെഞ്ഞെടുത്ത ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ പാസ്സായവര്‍ക്ക് പരിശീലനം നല്‍കുന്നു. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്/ ഡീസല്‍ മെക്കാനിക്/ മെക്കാനിക്കല്‍ സര്‍വ്വീസിംഗ് ആന്റ് അഗ്രോ മെഷിനറി/ ഫാം പവര്‍ എഞ്ചിനീയറിംഗ്/ ട്രാക്ടര്‍ മെക്കാനിക് എന്നീ ട്രേഡില്‍ കോഴ്‌സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം ലഭിക്കും. 2023 മാര്‍ച്ച് 6 മുതല്‍ 25 വരെയാണ് പരിശീലനം. പ്രായപരിധി 18-35 വയസ്സ്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് വൈകീട്ട് 5 നകം കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ spokksasc1@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും 8281200673 എന്ന നമ്പറില്‍ വാട്ട്‌സാപ്പിലൂടെ അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആവശ്യപ്പെട്ടാല്‍ ലഭിക്കും.

ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം

പനമരത്തെ മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 3 ന് രാവിലെ 9 ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04935 293024.

ക്വട്ടേഷന്‍ ക്ഷണിച്ചു

സുഗന്ധഗിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം സ്വന്തം ചെലവില്‍ പൊളിച്ച് നീക്കി വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 15 ന് രാവിലെ 11 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും.

ദര്‍ഘാസ് ക്ഷണിച്ചു

പാക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീജന്റ്സും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസുകള്‍ ഫെബ്രുവരി 13 ന് രാവിലെ 11 വരെ സ്വീകരിക്കും. ദര്‍ഘാസ് ഫോറം ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 2 വരെ ഓഫീസില്‍ നിന്നും ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!