പട്ടയഭൂമികളിലെ നിര്‍മ്മാണ നിയന്ത്രണം, സിപിഐഎം പ്രത്യക്ഷ സമരത്തിലേക്ക്. മുഖ്യമന്ത്രിയേയും റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരെയും നേരില്‍ കണ്ട് നിവേദനം നല്‍കും. തുടര്‍ന്ന് കളക്ട്രേറ്റ് പടിക്കല്‍ ജനപ്രതിനിധികളുടെ ധര്‍ണ്ണ നടത്തും. ഇന്ന് ബത്തേരിയില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ജില്ലയിലെ പട്ടയഭൂമികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്.
എല്‍ എ പട്ടയഭൂമികളെ മാത്രം മുന്‍ നിര്‍ത്തിയുള്ള ഹൈക്കോടതി ഉത്തരവിന്റെ ചുവട് പിടിച്ച് ജില്ലയിലെ എല്ലാ പട്ടയഭൂമികളിലും നിയന്ത്രണം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ ഇന്ന് ബത്തേരിയില്‍ ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി ഈ മാസം 18 ന് സി പി എം പ്രതിനിധിസംഘം മുഖ്യമന്ത്രിയെയും, റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാരെയും നേരില്‍ കണ്ട് നിവേദനം നല്‍കും. തുടര്‍ന്ന് 28 ന് സി പി എം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തും.
ജനുവരി 30 ന് വില്ലേജ് തലത്തില്‍ പട്ടയഭൂമി ഉടമകളുടെ കണ്‍വെന്‍ഷന്‍ വിളിക്കും. ഫെബ്രുവരി 6, 7 തീയ്യതികളില്‍ പട്ടയ ഉടമകളുടെ നിവേദനം തയ്യാറാക്കി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നല്‍കും . ഫെബ്രുവരി പതിമൂന്നിന്ന് വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചതായും സി പി ഐ എം ബത്തേരി ഏരിയ സെക്രട്ടറി പി ആര്‍ ജയപ്രകാശ് പറഞ്ഞു. നഗരസഭഹാളില്‍ നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉല്‍ഘാടനം ചെയ്തു. സുരേഷ് താളൂര്‍ അധ്യക്ഷനായി. ബേബി വര്‍ഗീസ്, സി കെ സഹദേവന്‍, ടി കെ രമേശ് , കെ സി യോഹന്നാന്‍, എം എസ് വിശ്വനാഥന്‍, പി കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.